‘എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും’: ഡോ. ജോ ജോസഫിന്റെ പഴയ പ്രസംഗം വൈറല്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara ) സിപിഐഎം (CPIM ) സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സര്‍വേകളില്‍ 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുമെന്ന് പറയുമ്പോഴും ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും, എന്നാണ് ജോ ജോസഫ് പ്രസംഗത്തില്‍ പറയുന്നത്.

അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്നാണ്. എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച് കൂടാമെന്നില്ല,’ എന്നാണ് ജോ ജോസഫ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വീഡിയോയുണ്ട്.

എറണാകുളം ( Ernakulam ) ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സകന്‍ ഡോ. ജോ ജോസഫ് ( Dr. Joseph ) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara by Election ) എല്‍ഡിഎഫ് ( LDF )സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കലൂര്‍ ലെനിന്‍ സെന്ററില്‍ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ജോ ജോസഫ് വന്‍വിജയം നേടുമെന്നും കേരളത്തില്‍ എല്‍ഡിഎഫ് അജയ്യമാണെന്ന് തെളിയിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഹൃദ്രോഗചികിത്സകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അംഗീകാരം നേടിയയാളാണ് ഡോ. ജോ ജോസഫ്. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടര്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് വലിയ നേട്ടമാകും. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന, ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നേടുന്ന വിജയം വഴികാട്ടും. കൊച്ചിയെ ലോകോത്തരനഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. അതിന് തൃക്കാക്കരയിലെ വിജയം വേഗംപകരും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശരിയായ സമയത്തുതന്നെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഐ എം അംഗമാണ് ജോ ജോസഫ്. അദ്ദേഹം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച പത്രിക നല്‍കും. 12ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാറ്റിനെയും എതിര്‍ക്കുന്ന വികസനവിരോധികളുടെ മുന്നണിയായി യുഡിഎഫ് മാറി. യുഡിഎഫിലെ സ്ഥാനാര്‍ഥിപ്രഖ്യാപനം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തവിധം രൂക്ഷമാക്കി–ഇ പി പറഞ്ഞു. സ്ഥാനാര്‍ഥിയായി ജോ ജോസഫിന്റെ പേരുമാത്രമാണ് പരിഗണിച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളാണ് ബുധനാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ചയാണ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്തത്. എന്നാല്‍, ഇതേക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൃക്കാക്കരയും മാറും

ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പാലായ്ക്കും കോന്നിക്കും മാറാമെങ്കില്‍, തൃക്കാക്കരയ്ക്കും മാറാം. വട്ടിയൂര്‍ക്കാവിലെ വിജയവും മാറ്റത്തിന് ഉദാഹരണമാണ്. എനിക്ക് തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടെയും വോട്ട് വേണം. എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുപിന്നാലെ എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സഭ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടോ എന്ന ചോദ്യത്തിന്, അങ്ങനെയുണ്ടായാല്‍ ആദ്യം അറിയേണ്ടത് നിങ്ങളല്ലേയെന്ന് ഡോ. ജോ ചോദിച്ചു.
ഇന്ന് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അല്ലാത്തവരും ഇടതുപക്ഷത്തേക്ക് കൂടുതലായി കടന്നുവരുന്നു. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. സിപിഐ എം അംഗമാണ്. കെഎസ്ഇബി ജീവനക്കാരനായ അച്ഛനൊപ്പം കുട്ടിക്കാലത്ത് യൂണിയന്റെ മതിലെഴുതിയത് ഇന്നും ഓര്‍ക്കുന്നു’.- ഡോ .ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here