നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ ( dharmajan bolgatty) പൊലീസ് കേസ് ( Police ). മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. മീന്‍ കട ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് പരാതി.
ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.
വരാപ്പുഴ വലിയപറമ്പില്‍ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആസിഫ് അലിയാര്‍ എന്ന 36 കാരനാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ധര്‍മ്മജനും മറ്റു പ്രതികളും പലപ്പോഴായി 43 ലക്ഷം രൂപയാണ് ആസിഫില്‍ നിന്ന് വാങ്ങിയത്.
തുടര്‍ന്ന് 2019 നവംബര്‍ 16ന് പരാതിക്കാരന്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു. കരാര്‍ പ്രകാരം വില്‍പ്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ മത്സ്യം വരാതെയായെന്നും മീന്‍ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.
തന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു തന്നില്ലെന്നും വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും പറഞ്ഞുകൊണ്ട് ആസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
ധര്‍മ്മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 406, 402, 36 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുള്ളൂവെന്നും ധര്‍മ്മജന്‍ അടക്കമുള്ള പ്രതികളുടെ മൊഴിയെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.