Santhosh Trophy: സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച അഭിമാന താരങ്ങളും ഇതിഹാസങ്ങളും ഒരേ വേദിയില്‍

സന്തോഷ് ട്രോഫിയില്‍(Santhosh Trophy) മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന് തലമുറയില്‍പ്പെട്ട താരങ്ങള്‍ ഒരേ വേദിയില്‍ കിരീടമുയര്‍ത്തി. വി.പി.എസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍, സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെ(Kerala team) അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് ഈ അപൂര്‍വ സംഗമത്തിന് വേദിയായത്. ചടങ്ങില്‍ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

കേരളാ ഫുട്ബോളിനെ(Kerala football) പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മൂന്ന് തലമുറകളുടെ ഒത്തുചേരലിനാണ് കൊച്ചി സാക്ഷിയായത്. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുന്‍ നായകന്മാരായ കുരികേശ് മാത്യു (1993), വി.ശിവകുമാര്‍ ( 2001), സില്‍വസ്റ്റര്‍ ഇഗ്നേഷ്യസ് (2004), രാഹുല്‍ ദേവ് (2018), മറ്റ് ഇതിഹാസ താരങ്ങളായ ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവര്‍ നിലവിലെ ചാമ്പ്യന്‍ ടീമിനും അണ്ടര്‍ 18 കേരളാ ടീമിനുമൊപ്പം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തി. കേരളത്തിന് രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകന്‍ അന്തരിച്ച വി.പി. സത്യന്റെ ഭാര്യ അനിത സത്യനും ചടങ്ങില്‍ പങ്കെടുത്തു.

1973 ല്‍ ആദ്യ കിരീടം നേടി തന്ന നായകന്‍ അന്തരിച്ച മണിയുടെ കുടുംബാംഗങ്ങള്‍ നേരിട്ടെത്തിയില്ലെങ്കിലും പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. കേരള ഫുട്ബോളിന്റെ സുവര്‍ണ കാലത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം പുതു തലമുറയ്ക്കുള്ള പ്രചോദനം കൂടിയായി ഈ കൂട്ടായ്മ. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള ഗോള്‍ സ്‌കോറര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി.
മുന്‍ കോച്ചുമാരായ ജാഫര്‍, പീതാംബരന്‍ എന്നിവരെ ആദരിച്ചത് പഴയ കാല ഫുട്ബോളിനോടുള്ള വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ സ്നേഹാദരവായി. മുന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഓരോ പവന്‍ സ്വര്‍ണ നാണയമാണ് ഡോക്ടര്‍ ഷംഷീര്‍ വയലില്‍ സ്നേഹ സമ്മാനമായി നല്‍കിയത്.

ഫൈനലിന് മുമ്പ് വന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിന് കേരളാ ടീം നായകന്‍ ജിജോ ജോസഫ്, ഡോ. ഷംഷീര്‍ വയലിലിന് നന്ദി പറഞ്ഞു. ‘ കിരീടത്തിനായുള്ള നാല് വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായത്. സ്വപ്ന സാക്ഷാത്കാരത്തിനായി ഒത്തൊരുമയോടെ പ്രയത്നിക്കാന്‍ ടീമിനായി. പരിശീലകര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എല്ലാത്തിനുമുപരി ആവേശമായി കൂടെ നിന്ന ആരാധകര്‍ക്കും നന്ദി’ – അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ ഷംഷീറിന്റെ തീരുമാനം കായിക മേഖലയോടുള്ള നിസ്വാര്‍ത്ഥ താത്പ്പര്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് കേരളാ ടീമിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിന്റെ ഇതിഹാസ താരം ഐ എം വിജയന്‍ കേരളാ ടീമിനെ അഭിമാനത്തോടെ അഭിവാദ്യം ചെയ്തത് ആവേശക്കാഴ്ചയായി.

വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് ഹെല്‍ത്ത്കെയര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഡോ. രാജീവ് മാങ്കോട്ടില്‍ എന്നിവരാണ് ഡോ. ഷംഷീറിന് വേണ്ടി ഒരു കോടി രൂപ ടീമിന് കൈമാറിയത്. ഏഴ് കിരീട നേട്ടത്തിന് പിന്നില്‍ കളിക്കാരുടെ കഠിന പ്രയത്നമുണ്ട്. ഈ ഒത്തുചേരല്‍ ആ ശ്രമങ്ങളെ രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തെ ഫുട്ബോളിന്റെ ഭാവിക്ക് ശക്തമായ അടിത്തറയിടുമെന്നും ഞാന്‍ വിശ്വസിക്കുന്നു, ”ഡോക്ടര്‍ ഷംഷീര്‍ വയലില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here