Dr. Jo Joseph : താന്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സ്: ഡോ. ജോ ജോസഫ്

വോട്ടറന്മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കന്നതെന്നും ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ( Thrikkakkara by election ) ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ( Dr. Jo Joseph  ). വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പോസിറ്റീവ് പൊളിറ്റിക്‌സാണ് താന്‍ ആഗ്രഹികുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ഇത്‌ തൃക്കാക്കര കാത്തിരുന്ന സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കൊടിയേറ്റി നാടിന്റെയാകെ ഹൃദയത്തിലേക്കാണ്‌  ഡോ. ജോ ജോസഫ്‌ നടന്നുകയറിയത്‌. സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനുപിന്നാലെ മണ്ഡലത്തിൽ എൽഡിഎഫ്‌ പ്രവർത്തകർ ഒരുക്കിയ വരവേൽപ്പിലും പ്രമുഖരുടെ പ്രതികരണങ്ങളിലും അത്‌ വ്യക്തം. സമൂഹമാധ്യമങ്ങളിലും ജോ ജോസഫ്‌ തന്നെ താരം. ഹൃദ്‌രോഗചികിത്സകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമൊക്കെയായ ഡോക്‌ടർ ബ്രോയെ സമൂഹമാധ്യമങ്ങൾ ആവേശപൂർവം സ്വീകരിച്ചു.

ഡോക്‌ടർക്ക്‌ തൃക്കാക്കരയാകെ ഹൃദിസ്ഥമാണ്‌. വാഴക്കാലയിലാണ്‌ സ്ഥിരതാമസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. പുതിയ കൊച്ചിയായി വളരുന്ന തൃക്കാക്കരയുടെ വികസനപ്രശ്‌നങ്ങൾ നാടുമായി പങ്കിട്ടു. ഭരണത്തുടർച്ചയ്‌ക്ക്‌ വോട്ടുതേടി. അതേയിടത്ത്‌ എൽഡിഎഫിന്‌ അഭിമാനവിജയം സമ്മാനിക്കാനുള്ള ചരിത്രനിയോഗമാണ്‌ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്‌.

വെള്ളി രാവിലെ വിവിധ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച്‌ പിന്തുണ തേടി. എല്ലായിടത്തും ഊഷ്‌മള വരവേൽപ്പ്‌. ലിസി ആശുപത്രിയിലെ പ്രിയ ഡോക്‌ടറുമായുള്ള പരിചയം പുതുക്കാനും ചിലരെത്തി. അൽപ്പകാലം ജോലിചെയ്‌തിരുന്ന ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ എത്തിയപ്പോൾ സ്‌നേഹവും സൗഹൃദവും പുതുക്കി നഴ്‌സുമാരും സ്‌റ്റാഫും ചുറ്റുംകൂടി. പ്രൊഫ. എം കെ സാനു, മുതിർന്ന സിപിഐ എം നേതാക്കളായ എം എം ലോറൻസ്‌, കെ എൻ രവീന്ദ്രനാഥ്‌ എന്നിവരെ വീടുകളിൽ സന്ദർശിച്ച്‌ അനുഗ്രഹം തേടി. മൂവരും വിജയാശംസകൾ നേർന്നു. ഇതിനിടെ മണ്ഡലത്തിലെത്തിയ മന്ത്രി മുഹമ്മദ്‌ റിയാസിനോടൊപ്പവും അൽപ്പനേരം.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും പ്രമുഖരുടെ കുറിപ്പുകളുമായും നിറയുകയാണ്‌ ഡോക്‌ടർ. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മുതൽ ഹൃദ്‌രോഗ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറംവരെയുള്ളവരുടെ സാക്ഷ്യം ഷെയറായും ലൈക്കായും പേജുകളിലേക്ക്‌ പടരുന്നു. ഭാര്യ ഡോ. ദയയ്‌ക്കൊപ്പം പിപിഇ കിറ്റും പ്രതിരോധസാമഗ്രികളും കൈമാറുന്ന ജോയുടെ ചിത്രം ഒരുവർഷംമുമ്പാണ്‌ സ്‌പീക്കർ എം ബി രാജേഷ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കിട്ടത്‌. അതും വൈറലാണ്‌. ആകർഷകമായ പോസ്‌റ്ററുകളും വീഡിയോകളും വേറെ. തൃക്കാക്കരയുടെ കളം നിറഞ്ഞുകഴിഞ്ഞു ഈ ജനകീയ ഡോക്‌ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News