Dr Jo Joseph : ഡോ. ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കോണ്‍ഗ്രസ്

സഭാനേതൃത്വവും വിമര്‍ശനമുയര്‍ത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കോണ്‍ഗ്രസ് ( Congress ). നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണമാണിതെന്ന് രമേശ് ചെന്നിത്തലയും ആരോപണം തെറ്റെന്ന് ഡൊമിനിക് പ്രസന്‍റേഷനും‍. ഇതോടെ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം ശക്തി പ്രാപിക്കുകയാണ്.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭാസ്ഥാനാര്‍ത്ഥിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉദ്ദേശം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു.

ഇത് ഏറ്റെടുത്ത് കോണ്‍ഗ്രസ് സൈബര്‍ അണികള്‍ സോഷ്യല്‍ മീഡിയയിലും ക്യാംപയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ സഭാനേതൃത്വം തന്നെ രംഗത്തെത്തിയതോടെ പ്രചാരണം മടക്കി പിന്‍വലിയുകയാണ് കോണ്‍ഗ്രസ്.

സതീശപക്ഷത്തിനെതിരായ മുന കൂര്‍പ്പിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം. നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണമാണിതെന്നും സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടുവെന്ന ആരോപണം തെറ്റെന്ന് ഡൊമിനിക് പ്രസൻറേഷനും പ്രതികരിച്ചു. അങ്ങനെയൊരു ആരോപണം കോൺഗ്രസിനില്ല. അത് ബിജെപി പ്രചരിപ്പിക്കുന്ന ആരോപണം മാത്രമാണ്.

സഭ ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഡൊമിനിക് പ്രസൻ്റേഷൻ വ്യക്തമാക്കി. പ്രചാരണങ്ങളുടെ മുനയൊടിയുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കാലത്തും തുടരുന്ന ഗ്രൂപ്പ് തര്‍ക്കവും കോണ്‍ഗ്രസിനെ വലയ്ക്കുമെന്നുറപ്പാണ്.

Zero Malabar Sabha: തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപ്പെട്ടിട്ടില്ല: സീറോമലബാര്‍ സഭ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ ജോ ജോസഫിനെ(Jo Joseph) നിശ്ചയിച്ചതില്‍ ഇടപ്പെട്ടിട്ടില്ലെന്ന് സീറോമലബാര്‍ സഭ. തൃക്കാക്കര(Thrikkakara) നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സീറോമലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പറഞ്ഞു.

മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു.

വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമീപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News