Kerala: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം;’എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള 15 മുതല്‍ കനകക്കുന്നില്

രണ്ടാം പിണറായി വിജയന്‍ (Pinarayi vijayan)സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള മേയ് 15 മുതല്‍ 22 വരെ കനക്കുന്നില്‍ നടക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 15 വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും.

സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള വിവിധ സേവനങ്ങള്‍ സൗജന്യമായി മേളയില്‍ ലഭിക്കും. പൊതുജനങ്ങള്‍ക്കു രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രദര്‍ശന നഗരിയിലെത്താം. പൂര്‍ണമായും ശീതീകരിച്ച പവലിയനുകളിലാണു സ്റ്റാളുകള്‍ ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ദിവസവും വൈകിട്ട് ഏഴ് മുതല്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. മെയ് 15ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം പുതുതലമുറയുടെ ഹരമായ ഊരാളി ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. മൂന്നാം ദിവസം മെയ് 17ന് പ്രശസ്ത സൂഫി ഗായകനായ സമീര്‍ ബിന്‍സിയും സംഘവും സൂഫി സംഗീതം അവതരിപ്പിക്കും.

മെയ് 20ന് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടി ഉണ്ടാകും. ഏഴാം ദിവസം മെയ് 21ന് മലയാളിയുടെ പ്രിയ കവി ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ഓര്‍മകളില്‍ ഒ.എന്‍.വി’ എന്ന പരിപാടിയുമായി പ്രശസ്ത പിന്നണിഗായികയും ഒ.എന്‍.വിയുടെ കൊച്ചുമകളുമായ അപര്‍ണ രാജീവ് നിശാഗന്ധിയില്‍ സംഗീതനിശയൊരുക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം മേയ് 20നു നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here