Vlogger: വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 3 മണിക്കൂര്‍ എടുത്താണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നത്‌. മൃതദേഹം ഇന്ന് 7 മണിയോടെ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ സംസ്‌ക്കരിക്കും.

റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ  പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അപേക്ഷയിൽ പോസ്റ്റ്മോർട്ടത്തിന് ആർ ഡി ഒ അനുമതിയും നൽകി.

റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം. പോലീസ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്ന് റിഫയുടെ മാതാപിതാക്കൾ പറഞ്ഞു.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.

പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here