ദാഹിച്ച് വലയുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കരുതലായി ഒരു തയ്യല്‍ക്കാരന്‍

കോഴിക്കോട്(Kozhikode) പെരുമണ്ണ(Perumanna) സ്വദേശി യു.എം.വാസുദേവന്‍ ചേട്ടനാണ് കക്ഷി. വിഷപ്പും ദാഹവും കൊണ്ട് വലയുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളവും ഭക്ഷവും നല്‍കി സഹജീവി സ്‌നേഹത്തിന്റെ മാതൃക കാട്ടുകയാണ് ഈ തയ്യല്‍ക്കാരന്‍.

വാസുദേവന്‍ ചേട്ടന്റെ ബാബി ടൈലേഴ്‌സ് എന്ന 55 വര്‍ഷത്തോളം പഴക്കമുള്ള തുന്നല്‍ക്കട ഇന്ന് ദാഹം കൊണ്ട് വലയുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒരാശ്രയ കേന്ദ്രം കൂടിയാണ്. തെരുവില്‍ കഴിയുന്ന പട്ടിയും, പൂച്ചയുമുള്‍പ്പടെ പാറി പറക്കുന്ന പക്ഷികള്‍ക്കും വരെ ഇവിടെയെത്തിയാല്‍ ഒരു നേരത്തെ ഭക്ഷണം കിട്ടും. ദാഹമകറ്റാന്‍ വെള്ളവും.

കടയുടെ മുന്നില്‍ വെച്ച വെള്ളം നിറച്ച ബക്കറ്റില്‍ നിന്ന് തെരുവ് നായ്ക്കള്‍ വെള്ളം കുടിക്കുന്നത് കണ്ടാല്‍ വാസുദേവന്റെ മനസ്സ് നിറയും. ഉച്ചക്ക് വീട്ടില്‍ നിന്നെത്തിക്കുന്ന ഭക്ഷണത്തില്‍ ഒരോഹരി ഇങ്ങനെയെത്തുന്ന മൃഗങ്ങള്‍ക്കുള്ളതാണ്. സ്ഥിരമായെത്തുന്ന പൂച്ചകള്‍ക്ക് ഈ കട സ്വന്തം വീട് പോലെത്തന്നെ. ഈ മനസ്സിന്റെ നന്മ കണ്ടറിഞ്ഞ സുഹൃത്ത് ഒ. രവീന്ദ്രനും സഹായത്തിനെത്തിയതോടെ പദ്ധതി പിന്നെയും വിപുലീകരിച്ചു. ഇപ്പോള്‍ പെരുമണ്ണയുടെ പലഭാഗത്തായി ഇരുവരും ചേര്‍ന്ന് പക്ഷികള്‍ക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

നാട്ടില്‍ മുഴുവന്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നു പരാതിയുയരുമ്പോഴും വാസുദേവനതു ഒരു ശല്യമായി തോന്നിയിട്ടില്ല. മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും വിശപ്പും,ദാഹവും ഒരുപോലെയാണെന്ന വിശ്വാസം മനസ്സില്‍ അടിയുറച്ചുപോയതുകൊണ്ടായിരിക്കാം ,താനേറ്റെടുത്ത കര്‍മ്മം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരു നിയോഗം പോലെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News