Jo Joseph: തൃക്കാക്കരയിലെ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് ഡോ. ജോ ജോസഫ്; വിജയാശംസകളുമായി മമ്മൂക്ക

മമ്മൂട്ടിയെ വീട്ടിൽ പോയി സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

“ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.

കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി. മഹാനടന് നന്ദി”, ജോ ജോസഫ് കുറിച്ചു.

തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് രാവിലെയാണ് പ്രഖ്യാപനം നടത്തിയത്, ഇടത്, വലത് മുന്നണികൾ മണ്ഡലത്തില്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News