അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ ആയപ്പോൾ പാവം അമ്മ ഒരുപാട് സങ്കടപ്പെട്ടു; മാതൃദിനത്തിൽ അമ്മയുടെ ഓർമയിൽ മന്ത്രി വി ശിവൻകുട്ടി

മാതൃദിനത്തിൽ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. അമ്മയോടുള്ള സ്നേഹവും ആദരവും നിറഞ്ഞുനിൽക്കുന്ന ഫേസ്‌ബുക് കുറിപ്പാണ് ഇതിനോടകം ശ്രദ്ധേയമായത്.വർഷങ്ങൾക്കിപ്പുറം ഒരു മാതൃദിനത്തിൽ എഴുതുന്ന കുറിപ്പിൽ സ്നേഹത്തിന്റെ മധുരവും കണ്ണീരുപ്പുമുണ്ടെന്ന് മന്ത്രി കുറിച്ചു.

മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്

അമ്മ അറിയാൻ..
വർഷങ്ങൾക്കിപ്പുറം ഒരു മാതൃദിനത്തിൽ എഴുതുന്ന കുറിപ്പിൽ സ്നേഹത്തിന്റെ മധുരവും കണ്ണീരുപ്പുമുണ്ട്. അമ്മ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷെ മക്കൾ പഠിക്കണമെന്നും സമൂഹത്തിന് ഉപകാരം ഉള്ളവർ ആയിരിക്കണം എന്നും അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.
ചെറുപ്പത്തിൽ എല്ലാത്തിനും അമ്മയുടെ സമ്മതം വേണമായിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്നതിനും മുടി മുറിക്കുന്നതിനും ഒക്കെ അമ്മയുടെ സമ്മതം വേണം.
ഫുട്ബാൾ കളിച്ചു തുടങ്ങിയപ്പോൾ അമ്മയ്ക്ക് വലിയ ആധിയായിരുന്നു. വീണ് മുറിവേറ്റ് വൈകി വീട്ടിലെത്തുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. ആ വഴക്കിലെ സ്നേഹം അപ്പോഴും നെഞ്ചോട് ചേർത്തിരുന്നു.
ഞാൻ എസ് എഫ് ഐ പ്രവർത്തനം തുടങ്ങിയതോടെ അമ്മയുടെ ആധി കൂടി. എന്നും സമരവും പോലീസും അറസ്റ്റും ലാത്തിചാർജും. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ ആയപ്പോൾ പാവം അമ്മ ഒരുപാട് സങ്കടപ്പെട്ടു എന്ന് പിന്നീടാണ് അറിഞ്ഞത്. ആ സങ്കടത്തിന്റെ ആഴം അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് യാഥാർഥ്യം.
എസ്എഫ്ഐ ഭാരവാഹിത്വം ഏറ്റെടുത്തതോടെ വീട്ടിൽ പോകുന്നത് കുറഞ്ഞു. പാളയത്ത് രാമനിലയത്തിലും പിന്നീട് എംഎൽഎ ഹോസ്റ്റലിൽ റൂം നമ്പർ 48 ലും ആയിരുന്നു വാസം.
ദേശാഭിമാനി അമ്മ എന്നും വായിക്കുമായിരുന്നു. പത്രത്തിൽ കുറച്ച് ദിവസം എൻ്റെ പേരോ പടമോ കണ്ടില്ലെങ്കിൽ അമ്മ അച്ഛനെ പറഞ്ഞു വിടും അന്വേഷിക്കാൻ.
വീട്ടിൽ വരുന്ന ദിവസത്തിനായി അമ്മ കാത്തിരിക്കും. ഒപ്പം വരുന്ന എല്ലാ സഖാക്കൾക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അമ്മയുടെ ഭക്ഷണത്തെ കുറിച്ച് ഇപ്പോഴും കൂട്ടുകാർ പറയാറുണ്ട്.
പാർവ്വതി ജീവിത സഖി ആയതോടെ അമ്മക്ക് പാർവതിയെ വേണം എല്ലാത്തിനും എന്ന സ്ഥിതി ആയി. പ്രത്യേകിച്ചും വാർദ്ധക്യത്തിൽ അവശയായപ്പോൾ. അനിയത്തി കനകയും സഹോദരങ്ങളും എല്ലാം അമ്മയെ നന്നായി നോക്കി. എല്ലാ അമ്മമാർക്കും എന്ന പോലെ എൻ്റെ അമ്മക്കും ഞങ്ങൾ നാല് മക്കളും അവരുടെ കുടുംബങ്ങളും ആയിരുന്നു ജീവിതം. എപ്പോഴും ഞങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഞങ്ങളുടെ സുഖവും സന്തോഷവും ആഗ്രഹിക്കുന്ന സ്നേഹനിധി.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അമ്മയെ വേണ്ടത് പോലെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം ഉണ്ട്. പക്ഷെ അമ്മക്കെന്നും അഭിമാനമായിരുന്നു മക്കൾ. “ശിവാ ” എന്ന് നീട്ടിവിളിക്കുന്ന അമ്മയുടെ കുട്ടി തന്നെയായിരുന്നു ഞാൻ വളർന്നപ്പോഴും. അമ്മ അറിയാൻ… അമ്മയില്ലായിരുന്നെങ്കിൽ എത്രമേൽ ശൂന്യമായി പോയേനെ ജീവിതം, എത്ര വലിയ വിടവ് ആകുമായിരുന്നു അത്…അമ്മയ്ക്ക്..ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ ❤

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here