ഹോട്ടലുകളിൽ നിറയെ പഴകിയ ഭക്ഷണം; പൂട്ടിട്ട്  സര്‍ക്കാര്‍; പരിശോധന തുടരുന്നു

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കണ്ണൂരിൽ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകി.

നന്ദൻകോട്, പൊട്ടക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ‘ഇറാനി’ കുഴിമന്തിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊട്ടക്കുഴി മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി, നന്ദൻകോട് ടിഫിൻ സെന്റർ എന്നീ കടകൾക്കും നോട്ടീസ് നൽകി. ഇവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു.

തിരുവനന്തപുരം കല്ലറയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയിൽ ഫ്രീസറിൽ പ്ലാസ്റ്റിക്ക് കവറുകളിൽ മാംസഹാരങ്ങൾ സൂക്ഷിച്ചത് പിടിച്ചെടുത്തു.

തിരുവനന്തപുരം കുന്നുകുഴി ആൺകുട്ടികളുടെ കെ പി ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് പരിശോധന. ഇവിടെ നിന്നും പഴകിയ മീനും ചപ്പാത്തിയും പിടികൂടി. ഹോസ്റ്റലിന് നോട്ടീസ് നൽകിയ അധികൃതർ ഭക്ഷണ വിതരണം നിർത്തിവെക്കാനും നിർദ്ദേശിച്ചു.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. പഴകിയ ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവ കണ്ടെത്തി.

കോഴിക്കോട് രാമനാട്ടുകര മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അഞ്ചര കിലോ ചീഞ്ഞ ആവോലി പിടിച്ചെടുത്ത് നശിപ്പിച്ചു.മൊബൈൽ ഫുഡ് ടെസ്റ്റിങ്ങ് ലാബുമായി എത്തിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News