Kerala: നൂറുദിന കര്‍മ്മപരിപാടി; ഇന്‍ക്യുബേഷന്‍ കേന്ദ്രവും എഡ്യൂ-തിയറ്ററും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രവുമടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് ട്രെയിനിങ് കോളേജ്, എം ജി സര്‍വ്വകലാശാല, കുട്ടിക്കാനം ഓട്ടോണമസ് മരിയന്‍ കോളേജ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയായ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിച്ചു. റൂസ പദ്ധതിക്ക് കീഴിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

എം ജി സര്‍വ്വകലാശാലയുടെ കീഴില്‍ റിസര്‍ച്ച് സെന്ററായി അംഗീകാരം ലഭിച്ച ആദ്യത്തെ അധ്യാപക പരിശീലനകേന്ദ്രമായ മാന്നാനത്തെ സെന്റ് ജോസഫ് ട്രെയിനിങ് കോളേജില്‍ തയ്യാറായ പുതിയ അക്കാഡമിക് ബ്ലോക്കും ഇ-ഉള്ളടക്ക വികസന സ്റ്റുഡിയോയും ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവും, എഡു-തിയേറ്റര്‍ സഹകരണ മന്ത്രി വി. എന്‍. വാസവനും ഉദ്ഘാടനം ചെയ്തു.

അധ്യാപന-പഠന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ററാക്ടീവ് ഡിജിറ്റല്‍ അധ്യാപനത്തിനായുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് എഡ്യൂ-തിയറ്ററും തയ്യാറാക്കിയത്.ഡിജിറ്റല്‍ ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ഉള്‍പ്പെടുത്തുന്നതിനായാണ് ലാബ് നവീകരിച്ചത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇന്‍ക്യുബേഷന്‍ സെന്ററും കരിയര്‍ ഹബ്ബും മന്ത്രി ഡോ. ആര്‍. ബിന്ദുവും, ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ സെന്റര്‍ മന്ത്രി വി. എന്‍. വാസവനും അക്കാദമിക ലോകത്തിന് തുറന്നു കൊടുത്തു.

നവീന സംരംഭകത്വ ആശയങ്ങള്‍ മികച്ച വാണിജ്യ ഉത്പന്നങ്ങളായി മാറ്റുന്നതിനെ പിന്തുണക്കാന്‍ ഭൗതിക-അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സംരംഭകത്വ ഇന്‍ക്യുബേഷനാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക സംവിധാനങ്ങളുടേയും ഇന്‍ക്യൂബേറ്ററുകളുടെയും പിന്തുണ, സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വിദഗ്ദ്ധരുടെ പിന്തുണ, ബിസിനസ് ആസൂത്രണ പിന്തുണ, സംരംഭകത്വ പരിശീലന പരിപാടികള്‍,വ്യവസായ പങ്കാളിത്ത പദ്ധതികള്‍, തുടങ്ങിയവ പ്രത്യേകതകളാണ്. കുട്ടിക്കാനം ഓട്ടോണമസ് മരിയന്‍ കോളേജില്‍ തയ്യാറായ മള്‍ട്ടി ജിംനേഷ്യവും മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

വ്യായാമം,കൗണ്‍സിലിംഗ്,യോഗ,ആയോധനമുറകള്‍,എയ്റോബിക്‌സ് എന്നിവയ്ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക മള്‍ട്ടി ജിംനേഷ്യം റൂസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്. ഒരേസമയം 50 പേര്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്ന ഇവിടെ പരിചയ സമ്പന്നരാണ് ക്ലാസുകള്‍ നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ജീവനക്കാര്‍ക്കും പ്രത്യേക സമയക്രമങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സൂംബ ഡാന്‍സ്, ടേബിള്‍ ടെന്നീസ്,വസ്ത്രമുറി,അത്യാധുനിക ശൗചാലയങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മുതലായവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News