Movie: കാഴ്ചയുടെ മേളമൊരുക്കി ‘മേരി ആവാസ് സുനോ ‘ ട്രെയിലര്‍; ചിത്രം മെയ്‌ 13ന് തിയറ്ററുകളില്‍

സൂപ്പര്‍ ഹിറ്റായി ജയസൂര്യ-മഞ്ജുവാര്യര്‍ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലര്‍. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് ,സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ജി. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. രജപുത്ര റിലീസ് ആണ് വിതരണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം. ശിവദയാണ് മറ്റൊരു നായിക. ” ഫീല്‍ ഗുഡ് മൂവിയാണ് മേരി ആവാസ് സുനോ. ഒരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍ വലിയ സന്തോഷമുണ്ട്” ജയസൂര്യയും മഞ്ജുവാര്യരും പറയുന്നു. എന്റര്‍ടെയ്ന്‍മെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള , കുടുംബ പ്രേക്ഷകര്‍ക്കടക്കം എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന
സിനിമയായിരിക്കും മേരി ആവാസ് സുനോയെന്ന് സംവിധായകന്‍ പ്രജേഷ് സെന്നും പറഞ്ഞു.

എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റേതാണ് വരികള്‍. കൃഷ്ണചന്ദ്രന്‍,ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍രാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാര്‍ട്ണര്‍. അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ജോണി ആന്റണി,ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ , മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News