IWL: ഇന്ത്യന്‍ വനിത ലീഗ്; ആരോസിനെയും തകര്‍ത്ത് ഗോകുലം കേരള മുന്നോട്ട്

ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളയുടെ ജയം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെയാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ പോയതിന് ശേഷമായിരുന്നു മലബാറിയന്‍സ് തിരിച്ചുവന്ന് ജയം സ്വന്തമാക്കിയത്. ഘാന താരം എല്‍ഷദായ് അചെങ്പോങാണ് ഗോകുലത്തിന് വേണ്ടി രണ്ട് ഗോളുകളും സ്വന്തമാക്കിയത്.

ഗോകുലത്തെ ഞെട്ടിച്ച് ആറാം മിനുട്ടില്‍ പ്രിയങ്കയിലൂടെ ആരോസ് മുന്നിലെത്തി. ഗോകുലം ഗോള്‍ കീപ്പര്‍ അഥിതിയുടെ കിക്ക് പിടിച്ചെടുത്ത പ്രിയങ്ക ദേവി നേരെ പോസ്റ്റിലേക്ക് പന്തു തൊടുക്കുകയായിരുന്നു. പോസ്റ്റില്‍ സ്ഥാനം തെറ്റി നിന്നിരുന്ന ഗോള്‍ കീപ്പര്‍ക്ക് പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. ഒരു ഗോള്‍ വഴങ്ങിയതോടെ ഗോകുലം ഉണര്‍ന്ന് കളിച്ചു.

സമനില ഗോളിനായി ഗോകുലം താരങ്ങള്‍ ആരോസിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തി. എന്നാല്‍ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ 36ാം മിനുട്ടില്‍ മികച്ചൊരു ഷോട്ടിലൂടെ എല്‍ഷദായ് ഗോകുലത്തെ ഒപ്പമെത്തിച്ചു. ഇതോടെ ഗോകുലം താളം വീണ്ടെടുത്തു. 1-1 എന്ന സ്‌കോറില്‍ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം രണ്ടാം ഗോള്‍ സ്വന്തമാക്കി. 47ാം മിനുട്ടില്‍ എല്‍ഷദായി തന്നെയായിരുന്നു രണ്ടാം ഗോളും സ്വന്തമാക്കിയത്. ലീഡ് നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം ആരോസ് പോസ്റ്റിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

ലീഡ് വര്‍ധിപ്പിക്കാന്‍ ഗോകുലം നിരന്തരം ശ്രമം നടത്തിയെങ്കിലും മുന്നേറ്റങ്ങളെല്ലാം ആരോസിന്റെ പ്രതിരോധത്തില്‍ തട്ടി പാളി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1 ന്റെ വിജയവുമായി ഗോകുലം മൈതാനം വിട്ടു. ജയത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഏഴ് മത്സരത്തില്‍നിന്ന് 21 പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോഴും പട്ടികയില്‍ ഒന്നാമത്. 14ന് കിക്സ്റ്റാര്‍ട്ടുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News