മുല്ലപ്പെരിയാർ അണകെട്ട്; ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് മേൽനോട്ട സമിതി

മുല്ലപ്പെരിയാർ അണക്കെട്ടില്‍ പുതുതായി സ്ഥാപിച്ച ഭൂചലനമാപിനി അടക്കമുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തന ക്ഷമത മേൽനോട്ട സമിതി പരിശോധിച്ചു. അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിലെ പരിശോധന. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയാക്കിയതിന് ശേഷമുള്ള ആദ്യത്തെ പരിശോധനയാണ് പൂർത്തിയായത്.

തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബിഡാം, ഗ്യാലറി, സ്പില്‍വേ ഷട്ടറുകള്‍ എന്നിവയുടെ പരിശോധന നടത്തി. പരിശോധനകള്‍ക്ക് ശേഷം കുമളിയിലെ ഓഫീസില്‍ യോഗം ചേരുമെന്നായിരുന്നു നേരെത്തെയുള്ള തീരുമാനമെങ്കിലും ഇതുണ്ടായില്ല. സന്ദര്‍ശനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

കേന്ദ്ര ജല കമ്മീഷന്‍ അംഗം ഗുല്‍ഷന്‍ രാജിനൊപ്പം കേരളത്തിന്റെ പ്രതിനിധികളായി അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്,
തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
അണക്കെട്ടിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയുള്ള സമിതിയുടെ വിപുലീകരണം കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്.

അതേസമയം, നിലവില്‍ മുല്ലപ്പെരിയാറില്‍ 129.50 അടിയാണ് ജലനിരപ്പ്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണ്. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ അണക്കെട്ട് സംഭരണ പരിധിയിലേക്ക് എത്തിയേക്കും.

തമിഴ്‌നാട് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കൃത്യമായ മുന്നറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകണമെന്ന കേരളത്തിന്റെ നിര്‍ദേശം അനുഭാവപൂര്‍വ്വം തമിഴ്‌നാട് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ സംഘാംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News