Kavya Madhavan: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ ഇന്നലെ നല്‍കിയ മൊഴി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ കാവ്യ നിഷേധിച്ചിരുന്നു. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കാവ്യയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും.

ദിലീപും കാവ്യാ മാധവനും താമസിക്കുന്ന ആലുവയിലെ പത്മ സരോവരം വീട്ടില്‍ വെച്ചാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തത്.നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചതായാണ് വിവരം.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചോ വധ ഗൂഢാലോചനയെക്കുറിച്ചോ തനിയ്ക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

കേസില്‍ കാവ്യയുടെ പങ്കാളിത്തം സംശയിക്കത്തക്ക തരത്തില്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റേതെന്ന പേരില്‍ പുറത്തു വന്ന ഓഡിയോ ക്ലിപ്പ് കാവ്യയെ കേള്‍പ്പിച്ചു. പക്ഷേ ശബ്ദരേഖയെക്കുറിച്ച് തനിക്കറിയില്ലെന്ന് കാവ്യ മൊഴി നല്‍കിയെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.മൊഴി പ്രാഥമികമായി വിലയിരുത്തിയ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൊഴി വിശദമായി പരിശോധിച്ച ശേഷം പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍, അത് സംബന്ധിച്ച് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയ ശേഷം കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News