Sreelanka; ‘ലങ്ക കത്തുന്നു’; കലാപത്തിൽ 5 മരണം , രാജപക്‌സെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ (Sreelanka) ആഭ്യന്തര കലാപം (Riots) രൂക്ഷം. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിട്ടു. രാജപക്‌സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി മഹിന്ദ രജപക്സെ (Mahinda Rajapaksa) രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുകയാണ്. സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദേശവ്യാപക കർഫ്യു നാളെ വരെ നീട്ടി.

കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. രാജി വെക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാജപക്സെ സ്ഥാനമൊഴിയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന വിവിധ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കര്‍ഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണല്‍ ഹോസ്പിറ്റല്‍ വക്താവ് പുഷ്പ സോയ്സ അറിയിച്ചു.

കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ശ്രീലങ്കയില്‍. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. പമ്പുകള്‍ക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ പട്ടാളത്തെ ഇറക്കുകയും ചെയ്തു. ജനജീവിതം ഏറെക്കുറെ താറുമാറായ നിലയിലാണ്. രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസമാനമായ പ്രതിസന്ധിയാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News