Singapore: വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

വിവാദ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. മുസ്ലിംകളെക്കുറിച്ച് ഏകപക്ഷീയമായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്. സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റി(ഐ.എം.ഡി.എ)യാണ് വിലക്കേര്‍പ്പെടുത്തിയത്.

ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഐഎംഡിഎ അറിയിച്ചു. സിനിമയില്‍ കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങല്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിക്കുകയും മുസ്ലിംകളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തതായി മന്ത്രാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫിലിം ക്ലാസിഫിക്കേഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഐഎംഡിഎ പറയുന്നു.

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമൂഹിക അഖണ്ഡതയും തകര്‍ക്കുന്നതാണിത്-ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ ‘ദി കശ്മീര്‍ ഫയല്‍സി’നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. പാകിസ്താന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്താല്‍ കശ്മീരില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

എന്നാല്‍, ബി.ജെ.പി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നല്‍കിയിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News