Life Project : ലൈഫ് ഭവന പദ്ധതി അടിയന്തിര സ്വഭാവത്തിൽ ഏറ്റെടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലൈഫ് ഭവന പദ്ധതി ( Life Project ) സാമ്പത്തിക വർഷത്തിന്റെ ഒന്നാം ഘട്ടത്തിൽത്തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ( M V Govindan Master ) അറിയിച്ചു.

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിർവ്വഹണം ആരംഭിക്കേണ്ട അടിയന്തിര പ്രൊജക്ടുകളിൽ ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികൾ ഉൾപ്പെടുത്താൻ ചില തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാതെപോയ സാഹചര്യത്തിലാണിത്.

ലൈഫ് ഭവന പദ്ധതിക്ക് പുറമേ അങ്കണവാടി പോഷകാഹാര വിതരണ പ്രൊജക്ടുകൾ, പാലിയേറ്റീവ് കെയർ പ്രൊജക്ടുകൾ, സ്‌കൂൾ/അംഗണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതികൾ എന്നിവയും അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

സുലേഖാ സോഫ്റ്റ് വെയറിലെ ‘അടിയന്തിര സ്വഭാവങ്ങൾ ഏറ്റെടുക്കുന്ന പ്രൊജക്ടുകൾ- special projects’ എന്ന സൗകര്യം ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ഇല്ലാതെ തന്നെ വെറ്റിംഗ് ഓഫീസറുടെ അംഗീകാരത്തോടെ നിർവ്വഹണ നടപടി ആരംഭിക്കാം.

ഇങ്ങനെ ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളും പിന്നീട് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമാക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുകയും ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പിഎംഎവൈ നഗരം ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്ക് കൂടി അംഗീകാരം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.

608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 228.18 കോടി രൂപയാണ്. 76.06 കോടി രൂപ സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണെന്ന് മന്ത്രി വ്യക്തമാക്കി.

പിഎംഎവൈ നഗരം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരങ്ങളില്‍ ഭൂമിയുള്ള 1,23,048 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്ത് 4895.3 കോടി രൂപയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ 70,464 വീടുകള്‍ വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതര്‍ക്കായി 11 പാര്‍പ്പിട സമുച്ചയങ്ങളിലായി 970 ഗുണഭോക്താക്കള്‍ക്ക് ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതില്‍ 280 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണത്തിന് വായ്പ അനുവദിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ഘടകത്തില്‍ ഉള്‍പ്പെടുത്തി, 25832 ഗുണഭോക്താക്കള്‍ക്കാണ് ഇതുവരെ വായ്പ അനുവദിച്ചിട്ടുള്ളത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ ഓരോ പിഎംഎവൈ നഗരം ലൈഫ് ഗുണഭോക്താവിനും വീട് നിര്‍മാണത്തിന്റെ ഭാഗമായി 90 തൊഴില്‍ ദിനങ്ങളും 26,190 രൂപയുടെ അധികസഹായം നല്‍കാനും സാധിച്ചു. 70 കോടി രൂപയുടെ അധികസഹായം ഇതുവരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന വിഹിതമായി ലഭിച്ച 1567 കോടി രൂപയില്‍ 1434.55 കോടി രൂപയും ചെലവഴിക്കാനായെന്നും നഗരസഭകള്‍ക്ക് വിഹിതം കണ്ടെത്തുന്നതിനായി ഹഡ്കോ മുഖേന 1051.56 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News