കേരളത്തിന്റെ കാലാവസ്ഥ പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യാൻ അനുയോജ്യം : മന്ത്രി കെ.എൻ ബാലഗോപാൽ

കേരളത്തിന്റെ കാലാവസ്ഥ പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യാൻ അനുയോജ്യമാണെന്നും സംയോജിത കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കൃഷിയിലൂടെ മെച്ചപ്പെട്ട നിലയിലുള്ള ജീവിതം സാധ്യമാകുമെന്ന് തെളിയിക്കണമെന്നും മന്ത്രി പറഞ്ഞു. പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഭരതന്നൂർ തണ്ണിച്ചാൽ ഡ്രാഗൺ ഫ്രൂട്ട് ഭൂമി സന്ദർശിച്ച് കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴം – പച്ചക്കറികളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്നും പഴ വർഗ്ഗങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിന് സഹകരണ ബാങ്കുകളുടെ സഹായത്തോടെ ശീതീകരണ സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് മികച്ച കൃഷി രീതികൾ അവലംബിക്കുന്നതിനെപ്പറ്റിയും മന്ത്രി സംസാരിച്ചു.

തണ്ണിച്ചാൽ വാർഡിൽ 20 ഏക്കറിൽ കൃഷി ചെയ്യുന്ന വിജയന്റെയും മൂന്നര ഏക്കറിൽ കൃഷി ചെയ്യുന്ന രത്നാകരന്റെയും തോട്ടം മന്ത്രി സന്ദർശിച്ചു. എല്ലാ വീടുകളിലും ഡ്രാഗൺ തൈ നട്ട് ‘ഡ്രാഗൺ ഫ്രൂട്ട് ഗ്രാമ’മാകാൻ തയ്യാറെടുക്കുകയാണ് തണ്ണിച്ചാൽ വാർഡ്. ഇതുവരെ വാർഡിൽ 56 ലധികം ഏക്കറിൽ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയതായി ഡ്രാഗൺ കൃഷിയിലേക്ക് വരുന്നവർക്ക് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഹെക്ടറിന് 30,000 രൂപ വരെ കൃഷി ഭവൻ വഴി സബ്‌സിഡി നൽകും.

ഡി. കെ മുരളി എം.എൽ.എ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർഷക സംഘം ‘കർഷക ചർച്ച’ സംഘടിപ്പിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷക സംഘം പ്രസിഡന്റ് വി.എസ് പത്മകുമാർ, മാണിക്കൽ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ എം.എസ് രാജു, രാഷ്ട്രീയ പ്രവർത്തകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും

ക്ഷീരകർഷകർക്ക് പാൽ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക അധികമായി നൽകാൻ തീരുമാനം. എല്ലാ മാസവും പത്തിനകം തുക കർഷകന് ലഭിക്കും. ജൂൺ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. സർക്കാരിന്റെ വിവിധ ഏജൻസികളായ മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, മേഖലാ ക്ഷീരോത്പാദക യൂണിയനുകൾ, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ വിവിധ പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ചാണ് തുക നൽകുക.

പാൽവില വർദ്ധിപ്പിക്കണമെന്നത് ഉൾപ്പടെയുള്ള ക്ഷീരകർഷകരുടെ വിവിധ ആവശ്യങ്ങൾ പരിശോധിക്കാൻ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന മിൽമ ഫെഡറേഷന്റെയും, മേഖല ക്ഷീരോത്പ്പാദക യൂണിയന്റെയും ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം.

കർഷകർക്ക് എല്ലാമാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ അധിക വിലയായി നിശ്ചിത തുക മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ക്ഷീരവികസനവകുപ്പിന്റെയും മിൽമ മേഖലാ യൂണിയനുകളുടെയും ഒരു ഏകോപിത സംവിധാനമാണ് ഇത് നടപ്പാക്കുക.

മിൽമയുടെ മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി എല്ലാ മേഖലകളിലും വ്യാപിപ്പിച്ച് അതിലൂടെ ലഭിക്കുന്ന ലാഭവിഹിതവും കർഷകർക്ക് നൽകാൻ നടപടി സ്വീകരിക്കും. എല്ലാ ക്ഷീരകർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുവാൻ ബാങ്ക് തല യോഗം വിളിക്കും. ഇതിനായി മേഖലാ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തിൽ സംഘത്തിൽ പാൽ അളക്കുന്ന കർഷകരുടെ വിവരങ്ങളും പരമ്പരാഗത സംഘങ്ങളിലെ കർഷകരുടെ വിവരങ്ങളും ശേഖരിക്കും.

കർഷകരുടെ ഉത്പാദന ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷീര വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകാതിരിക്കുവാൻ അനുയോജ്യമായ പരിഹാരമാർഗങ്ങൾ യോഗം ചർച്ച ചെയ്തു. കാലിത്തീറ്റച്ചെലവ് കുറയ്ക്കുന്നതിന്റെ ആവശ്യകത യോഗം വിലയിരുത്തി. 2023 ഏപ്രിൽ വരെ സർക്കാർ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കാതിരിക്കുവാനുള്ള നടപടികൾ എടുക്കാനും ക്ഷീരകർഷകർകക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നൽകുവാനും തീരുമാനിച്ചു.

യോഗത്തിൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ഭാസുരാംഗൻ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, ക്ഷീരവികസനവകുപ്പ് എം ഡി സുയോഗ് പാട്ടീൽ, ക്ഷീരവികസന ഡയറക്ടർ വി പി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News