kerala games: കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് പ്രഥമ കേരള ഗെയിംസിന് സമാപനം

കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് പ്രഥമ കേരള ഗെയിംസിന് ( kerala games ) സമാപനം. കായികതാരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി  വി.ശിവന്‍കുട്ടിയും വ്യക്തമാക്കി. രണ്ടാം കേരള ഗെയിംസ് തൃശൂരില്‍ നടത്താനും തീരുമാനിച്ചു.

കൊവിഡ് മഹാമാരി തളര്‍ത്തിയ കായിക കേരളത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കിയാണ് പ്രഥമ കേരള ഗെയിംസിന് സമാപനമായത്. ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.

കേരള ഗെയിംസിലെ വിജയികള്‍ക്ക് ഭാവിയില്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മെഡലുകള്‍ നേടാന്‍  സാധിക്കട്ടെയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു. കേരള സ്‌കൂള്‍ ഗെയിംസില്‍ മികവ് തെളിയിക്കുന്ന 30 കായിക വിദ്യാര്‍ത്ഥികളെ ദത്ത് എടുക്കാനുളള ഒളിമ്പിക് അസോസിയേഷന്‍റെ തീരുമാനത്തെയും ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു.

കായികതാരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും ഇതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടിയും വ്യക്തമാക്കി. കേരള ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസില്‍ 24 ഇനങ്ങളിലായാണ്  മത്സരങ്ങള്‍ നടന്നത്.

7000ത്തിലധികം കായിക താരങ്ങള്‍ക്ക് പുത്തന്‍ അവസരങ്ങള്‍ സമ്മാനിച്ചാണ് പ്രഥമ കേരള ഗെയിംസിന് കൊടിയിറങ്ങുന്നത്. രണ്ടാം കേരള ഗെയിംസിന് 2024-25 ൽ തൃശൂര്‍ വേദിയാകും.സമാപനച്ചടങ്ങിനു ശേഷം ചാരു ഹരിഹരനും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.

കായിക മാമാങ്കത്തിൽ കിരീടം ചൂടി തിരുവനന്തപുരം…പ്രഥമ കേരള ഗെയിംസിൽ 69 സ്വര്‍ണമടക്കം 166 മെഡലുകൾ നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാരായത്. കേരള കായിക ചരിത്രത്തിൽ ഇടം നേടിയ പ്രഥമ കേരള ഗെയിംസിൽ മിന്നും പ്രകടം കാഴ്ചവെച്ച് തിരുവനന്തപുരം ജില്ലാ ഓവറോള്‍ ചാമ്പ്യൻമാരായി.

അത്‌ലറ്റിക്‌സിലും അക്വാട്ടിക്‌സിലും മികച്ച പ്രകടനമാണ് ജില്ലയിലെ കായിക താരങ്ങൾ പുറത്തെടുത്തത്. 69 സ്വര്‍ണവും 52 വെള്ളിയും അടക്കം 166 മെഡലുകൾ നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 32 സ്വര്‍ണവും 31 വെള്ളിയും നേടി 91 പോയന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്. 59 മെഡലുകളുള്ള തൃശ്ശൂരും 46 മെഡലുകൾ നേടിയ പാലക്കാടുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

നീന്തൽ കുളത്തിൽ നിന്ന് ഒൻപത് സ്വർണം കരസ്ഥമാക്കിയ തിരുവനന്തപുരത്തിന്റെ എം ആദർശും അഞ്ചു സ്വർണം കരസ്ഥമാക്കിയ കാസർകോടിന്റെ ലിയാന ഫാത്തിമയും ഗെയിംസിലെ താരങ്ങളായി. കോഴിക്കോട് ജില്ലയാണ് ഫുട്ബോൾ കിരീടം നേടിയത് തൃശ്ശൂരിനെ ഷൂട്ട ഔട്ടിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് കപ്പ് സ്വന്തമാക്കിയയത്.

ജൂഡോയിൽ തൃശ്ശൂരും അമ്പെയ്ത്തിൽ കണ്ണൂരിനുമാണ് മേധാവിത്തം. ഷൂട്ടിങ്ങിൽ കോഴിക്കോട് ഓവർ ഓൾ കിരീടം നേടി. മെയ് ഒന്നിന് ആരംഭിച്ച കേരള ഗെയിംസിന് ഇന്ന് തിരശീല വീണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here