ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി. അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.
രാജപക്‌സ കുടുംബത്തിന്റെ ഹംബന്‍തൊട്ടയിലെ കുടുംബവീടിന് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ച മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുവെന്ന് അവകാശപ്പെട്ട പൊലീസ് വക്താവ്, രാജ്യവ്യാപക കര്‍ഫ്യൂ ഇന്ന് രാവിലെ വരെ നീട്ടിയതായി അറിയിച്ചു.
അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിലൂടെ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. കലാപം നടത്തുന്നവര്‍ക്കെതിരെ വെടിവെക്കാനും സൈന്യത്തിന് അധികാരം നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.