സ്വജീവിതം നാടിന്റെ മോചനപോരാട്ടത്തിനായി മാറ്റിവെച്ച വിപ്‌ളവനായിക കെ.ആര്‍. ഗൗരിയമ്മയുടെ ഒന്നാം ചരമദിനമാണിന്ന്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സമാനതകളില്ലാത്ത പങ്കാണ് ഗൗരിയമ്മ വഹിച്ചത്.
ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്‍ക്ക് അംഗത്വം നല്‍കിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാര്‍, വി എസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ റവന്യൂ വകുപ്പ് ഏല്‍പിച്ചു. കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിക്കാനുള്ള നിയോഗവും അവര്‍ക്കായി.
ആദ്യ മന്ത്രിസഭയില്‍ അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയില്‍ ഇരുന്നപ്പോഴുണ്ടായ അനുഭവം ഇങ്ങനെ രേഖപ്പെടുത്തി: ’57 ഏപ്രില്‍ അഞ്ചിന് ഞങ്ങള്‍ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു? ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയല്‍ നോക്കാന്‍ അറിയില്ല.
സാങ്കേതികത്വത്തെക്കാള്‍, അതില്‍ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തില്‍ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയല്‍ പഠിക്കാന്‍ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ഒരു വിചാരമായി, വികാരമായി അലട്ടി. കര്‍ഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോന്‍, പന്തളം പി ആര്‍ മാധവന്‍പിള്ള, സി എച്ച് കണാരന്‍ എന്നിവരുമായും പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ചചെയ്തു. ഡിപ്പാര്‍ട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂര്‍ണമാക്കിയപ്പോഴേക്കും ഏപ്രില്‍ പത്ത്. 11ന് ഓര്‍ഡിനന്‍സ്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്ക് തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏല്‍പിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം”.
1967, 80, 87 വര്‍ഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായ അവര്‍ 1994ല്‍ സി പി ഐ എമ്മില്‍നിന്ന് പുറത്തായി. തുടര്‍ന്ന് ജെ എസ് എസ് രൂപീകരിച്ച യു ഡി എഫില്‍ ചേര്‍ന്നു. അവസാനം യു ഡി എഫുമായി സ്വരച്ചേര്‍ച്ചയില്ലാതായി ആ മുന്നണി വിട്ടു.
1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സി പി ഐയിലും ഗൗരിയമ്മ സി പി എമ്മിലും ഉറച്ചുനിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.