KV Thomas; തൃക്കാക്കരയ്ക്ക് വേണ്ടത് വികസനം; കെ വി തോമസിന്റെ നിലപാടിൽ അടിപതറി കോൺഗ്രസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒന്നാം ഘട്ട പ്രചാരണം പിന്നിടുമ്പോൾ പുറത്തു വന്ന കെ വി തോമസിൻ്റെ പ്രഖ്യാപനം യു ഡി എഫ് കേന്ദ്രങ്ങളിൽ മ്ലാനത പരത്തി.

വികസനമാണ് മുഖ്യവിഷയമെന്ന കെ വി തോമസിൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പിൻ്റെ അജണ്ട നിശ്ചയിക്കലായി മാറി. തൃക്കാക്കരയ്ക്കപ്പുറം മധ്യകേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കെ വി തോമസിൻ്റ നിലപാട്.

വികസനമാണോ സഹതാപമാണോ തൃക്കാക്കരയിലെ മുഖ്യവിഷയമെന്ന ചർച്ചയ്ക്ക് വിരാമമിടുകയാണ് കെ വി തോമസ് മാഷിൻ്റെ നിലപാട് പ്രഖ്യാപനത്തിലൂടെ. വികസനത്തിന് ജനം വോട്ടു ചെയ്യണമെന്ന ആഹ്വാനം തെരഞ്ഞെടുപ്പിൻ്റെ അജണ്ട നിശ്ചയിക്കലായി മാറി. നേതാക്കൾ നേരിട്ട് പ്രതികരിയ്ക്കാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും യു ഡി എഫ് അണികൾക്കിടയിൽ ആശങ്ക പ്രകടമാണ്. വോട്ടറന്മാരോട് നേരിട്ട് വിശദീകരിക്കാൻ ബാധ്യതയുള്ള രണ്ടാം നിര നേതാക്കളും സാധാരണ പ്രവർത്തകരും ആശയക്കുഴപ്പത്തിലും.

മണ്ഡലത്തിൽ ചെറുതല്ലാത്ത വ്യക്തിബന്ധവും സാമൂഹ്യ ബന്ധങ്ങളുമുള്ള നേതാവാണ് കെ വി തോമസ്. 5 പതിറ്റാണ്ട് യു ഡി എഫിൻ്റെയും കോൺഗ്രസിൻ്റെയും ജില്ലയിലെ മുഖമായിരുന്ന ഒരു നേതാവാണ്
തൃക്കാക്കരയിൽ ഇടതുപക്ഷത്തിൻ്റെ ജില്ലയിലെ പ്രചാരകനായി എത്തുന്നത്. ഇടതുമണ്ഡലം കൺവൻഷനിൽ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ശ്രദ്ധാകേന്ദ്രമാകും എന്നുറപ്പ്.

വരുംദിവസങ്ങളിൽ മുടങ്ങാതെ ഇടതു സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിന് താനുണ്ടാകുമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. പരമ്പരാഗത യു ഡി എഫ് വോട്ട് ബാങ്കിൽ അത് സൃഷ്ടിക്കുന്ന വിള്ളൽ തെരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണായകമായി സ്വാധീനിക്കും.

കെ വി തോമസ് ഇഫക്ട് തൃക്കാക്കരയിൽ ഒതുങ്ങില്ല എന്നതാണ് മറ്റൊരു പ്രശ്നം. ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ചില പരാതികൾ കെ വി തോമസ് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. മുക്കുവക്കുടിയിൽ ജനിച്ചവനെന്ന് തന്നെ അധിക്ഷേപിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. കെ വി തോമസ് എന്ന നേതാവ് പങ്കുവച്ച ഈ വേദനയ്ക്ക് തീരദേശ മേഖലയിലെ ലക്ഷോപലക്ഷം മനുഷ്യർക്കിടയിൽ ചെലുത്താൻ കഴിയുന്ന സ്വാധീനവും ചെറുതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel