Sedition: എന്താണ് രാജ്യദ്രോഹം? അറിയേണ്ടതെല്ലാം…

രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124-എയിലെ നിര്‍വചനം ഇതാണ്: ‘എഴുതിയതോ പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും………..’ (രാജ്യദ്രോഹം ചെയ്യുന്നു). നീരസം എന്ന വാക്കില്‍ കൂറില്ലായ്മ, ശത്രുത എന്നീ വികാരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് രാജ്യദ്രോഹ നിയമം. പത്തൊന്‍പതാം നൂറ്റാണ്ടിലെ വഹാബി പ്രസ്ഥാനത്തിനെതിരെയായിരുന്നു തുടക്കം. യാഥാസ്ഥിതികരായ വഹാബികള്‍ ആരംഭകാല ഇസ്ലാം മതത്തിലും അതിന്റെ സത്തയിലും നിന്നുള്ള ഏതുമാറ്റത്തെയും എതിര്‍ക്കുന്നവരാണ്. 1830 മുതല്‍ ഈ പ്രസ്ഥാനം നിലവിലുണ്ടായിരുന്നുവെങ്കിലും 1857-ലെ വിപ്ലവകാലത്ത് അത് സായുധപ്രതിരോധമായി മാറി. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദായി രൂപം മാറിയ വഹാബി പ്രസ്ഥാനം 1870നു ശേഷം പൂര്‍ണമായി അടിച്ചമര്‍ത്തപ്പെട്ടു.

സര്‍ക്കാരിനെതിരെ അതൃപ്തി പരത്തുന്നതരം പ്രസംഗങ്ങളെ നിയമവിരുദ്ധമാക്കാന്‍ കൂടിയാണ് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. അധികാരം നിലനിര്‍ത്താനും സ്വാതന്ത്യസമരത്തെ അടിച്ചമര്‍ത്താനും ഈ നിയമം അവര്‍ ഉപയോഗിച്ചു. ‘ബംഗോബാസി’യുടെ എഡിറ്ററെന്ന നിലയില്‍ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് നിയമം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മ ഗാന്ധി, ബാലഗംഗാധര തിലകന്‍, ആനി ബസന്റ് തുടങ്ങിയവരെല്ലാം ഈ നിയമത്തിന് ഇരകളായി. 1922-ല്‍ തന്റെ ലേഖനങ്ങള്‍ മൂലം ഗാന്ധി ഈ നിയമത്തിന്‍കീഴില്‍ വിചാരണ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുവാദം ഇങ്ങനെയായിരുന്നു: ‘നിയമം കൊണ്ട് ഉത്പാദിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്ന ഒന്നല്ല സ്‌നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍ നീരസം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട്. അയാള്‍ അക്രമമാര്‍ഗം അവലംബിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം.’

ഇങ്ങനെയാണെങ്കിലും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകള്‍ ഈ നിയമം യഥേഷ്ടം ഉപയോഗിച്ചുവന്നു. നരേന്ദ്ര മോദി സര്‍ക്കാരും ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 77 വര്‍ഷമായി നിലവിലുള്ള ഈ വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഉപയോഗിച്ചത് ഇന്ത്യന്‍ സര്‍ക്കാരുകളാണ് എന്നതാണ് വിചിത്രം. കേന്ദ്ര ഗവൺമെന്റിനെതിരെ മിണ്ടുന്നവരെ വിമര്ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ നടക്കുകയായിരുന്നു കേന്ദ്രം. രാജ്യദ്രോഹകുറ്റം ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്.

ഇപ്പോഴിതാ രാജ്യദ്രോഹനിയമം താൽകാലികമായി മരവിപ്പിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു . ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി.

124 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിന് അപേക്ഷ നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്തിരുന്നാലും രാജ്യദ്രോഹ കുറ്റത്തിനുള്ള എല്ലാ കേസുകളും സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഈ ചരിത്രപരമായ വിധി കേന്ദ്രത്തിന് തിരിച്ചടി തന്നെയാണ്.

അതേസമയം, നിലവിൽ ജയിലിലുള്ളർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News