പേരിന്റെ സമാനതകൊണ്ട് ആളുകളുടെ തെറിവിളി കേൾക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ വി തോമസ്. കോൺഗ്രസ് നേതാവ് കെ വി തോമസെന്ന് കരുതി കോൺഗ്രസുകാരുൾപ്പെടെ തന്നെ ഫോണിലൂടെ തെറിയഭിഷേകം നടത്താറുണ്ടെന്ന പരമാർത്ഥം ഫേസ്ബുക്കിലൂടെ വിവരിക്കുയാണ് അദ്ദേഹം.
ഇത്തരത്തിൽ ആളുമാറി തനിക്ക് വന്നുചേരുന്ന അനുഭവങ്ങളെയും അദ്ദേഹം കുറിപ്പിലൂടെ വിവരിക്കുന്നു. തൃക്കാക്കരതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു മൂന്നുദിവസത്തെ അനുഭവം കൊണ്ട് വിനയത്തിൽ പൊതിഞ്ഞ തെറി പറയാൻ കോൺഗ്രസ്സുകാർ പഠിച്ചു എന്ന് തനിക്കുറപ്പിച്ചു പറയാനാവുമെന്നും അദ്ദേഹം കുറിക്കുന്നു. ഡോ. കെ വി തോമസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
”രണ്ടു പേർക്ക് ഒരേ പേരുണ്ടായിപ്പോയതാണ് മഹാഭാരതത്തിലെ സകല കുഴമാന്ത്രങ്ങൾക്കും കാരണം. ചിത്രാംഗദൻ എന്ന ഗന്ധർവ്വനും അതേ പേരുകാരനായ കൗരവ പൂർവികനും തമ്മിൽ പേരിനെച്ചൊല്ലിയുണ്ടായ കശപിശയ്ക്കൊടുവിൽ ഗന്ധർവൻ കൗരവനെ അടിച്ചു കൊന്നു.
ദോഷം പറയരുതല്ലോ ഞാനും എന്റെ പേരുകാരനുമായി ശണ്ഠയൊന്നുമില്ല.
എന്റെ ഒരു പുസ്തകം തൃശൂരു വച്ച് അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. കെ.വി.തോമസിന്റെ പുസ്തകം കെ.വി.തോമസ് പ്രകാശിപ്പിക്കുന്നതിലെ സാരസ്യത്തെപ്പറ്റി അന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.
എറണാകുളത്തു വച്ച് എനിക്ക് ഒരു അവാർഡും തന്നിട്ടുണ്ടദ്ദേഹം.
ഗൂഗിളിൽ സർച്ച് ചെയ്യുന്നവരുടെ മുമ്പിൽ ഞങ്ങളുടെ പേരുകൾ ഒന്നിച്ചാവിർഭവിക്കുന്നതുമൂലം ചില്ലറ പ്രശ്നങ്ങൾ ഇല്ലാതില്ല.
പല മീറ്റിംഗുകളിലും “കുമ്പളങ്ങിക്കഥകളു” ടെ പേരിൽ സ്വാഗതപ്രസംഗകർ എന്നെ മുച്ചൂടും അനുമോദിച്ചിട്ടുണ്ട്. എന്തു ചെയ്യാം.?
എന്തായാലും രണ്ടു മൂന്നുദിവസത്തെ അനുഭവം കൊണ്ട് , വിനയത്തിൽ പൊതിഞ്ഞ തെറി പറയാൻ കോൺഗ്രസ്സുകാർ പഠിച്ചു എന്ന് എനിക്കുറപ്പിച്ചു പറയാനാവും.
ഭാഷ നന്നാവുന്നതു നല്ല കാര്യം തന്നെ.
എന്നാലും ഈ തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നു വേഗം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു. എന്ന് കോഴിക്കോട്ട് എരഞ്ഞിപ്പാലത്തു താമസിക്കും പാമ്പാടി കരോട്ട് വർഗ്ഗീസ് മകൻ ഡോ.കെ.വി.തോമസ്”.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.