Rifa Mehnu: റിഫാ മെഹ്നുവിന്റെ മരണം; അന്വേഷണ സംഘവുമായി സഹകരിക്കാതെ മെഹ്നാസ്

വ്ലോ​ഗർ റിഫാ മെഹ്നുവിന്റെ(rifa mehnu) മരണത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല.

ഇതേ തുടർന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്.

ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാൈണ് വീട്ടുകാർ നൽകിയ വിവരം.

മെഹ്നാസ് ഹാജരാവാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നു.

പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News