Rifa Mehnu: റിഫയുടെ ദുരൂഹ മരണം; മെഹ്നാസിന് ലുക്കൗട്ട് നോട്ടീസ്

വ്ലോഗർ റിഫ മെഹ്‌നുവിന്റെ(rifa mehnu) ദുരൂഹ അമരണത്തിൽ ഭർത്താവ് മെഹ്നാസിന് വേണ്ടി ലുക്കൗട്ട് നോട്ടീസ്(lookout notice) ഇറക്കി അന്വേഷണ സംഘം.ഇയാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ്.

മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം. അതേസമയം, റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.

മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നു.

പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here