ഭരണഘടന അപകടത്തിൽ ആണെന്നും യുവജനങ്ങളിലാണ് പ്രതീക്ഷയെന്നും മാധ്യമപ്രവർത്തകൻ ശശികുമാർ (Sasikumar). ഡിവൈഎഫ്ഐ(dyfi) പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംരക്ഷിക്കാൻ ഡിവൈഎഫ്ഐക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യ യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് ആണ്. നാനാത്വത്തിൽ ഏകത്വം എന്നത് ഹിന്ദുത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9.30ന് പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. വൈകിട്ട് മുൻ ഭാരവാഹികളുടെ സമ്മേളനത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 502 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ എസ് പ്ലനേഡിലെ റാണിറാഷ് മോണി റോഡിൽ പതിനായിരങ്ങൾ അണിനിരന്ന മഹാ യുവജനറാലി അരങ്ങേറി. ബംഗാളിന്റെ ഉൾഗ്രാമത്തിൽനിന്നടക്കം ആയിരക്കണക്കിനു യുവജനങ്ങൾ അണിനിരന്നു. സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു.
ഭഗത്‌സിങ്, രബീന്ദ്രനാഥ ടാഗോർ, ജ്യോതി ബസു, സത്യജിത് റേ തുടങ്ങിയവരുടെ ചിത്രം നിറഞ്ഞതാണ് സമ്മേളനവേദി. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് അനീസ് ഖാന്റെ അച്ഛൻ സലേം ഖാനും തൃണമൂൽ ഗുണ്ടകളാൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വിദ്യുത് മൊണ്ടലിന്റെ അമ്മ അമല മൊണ്ടലും വേദിയിലുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി അധ്യക്ഷനായി.
ജനറൽ സെക്രട്ടറി അഭോയ് മുഖർജി, സിപിഐ എം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം, ഡിവൈഎഫ്‌ഐ മുൻ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറിമാരായ പ്രീതിശേഖർ, ഹിമാങ്കണരാജ് ഭട്ടാചാര്യ, ബംഗാൾ സെക്രട്ടറി മീനാക്ഷി മുഖർജി, പ്രസിഡന്റ് ദ്രുപജ്യോതി ഭട്ടാചാര്യ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.