ഐലീഗ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ ഗോകുലം കേരള എഫ്.സി ( Gokulam Kerala FC ) . രാത്രി 7 മണിക്ക് കൊൽക്കത്ത സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മൊഹമ്മദൻസിനെതിരെയാണ് ഗോകുലത്തിന്റെ അവസാന ലീഗ് മത്സരം. ഇതിൽ തോൽക്കാതിരുന്നാൽ ഗോകുലത്തിന് ചാമ്പ്യന്മാരാകാം.
21 അപരാജിത മത്സരങ്ങൾക്ക് ശേഷം ശ്രീനിധി ഡെക്കാനോടേറ്റ 3 – 1 ന്റെ അപ്രതീക്ഷിത തോൽവിയാണ് ഗോകുലത്തിന്റെ ഐലീഗ് കിരീടപ്പോര് നാടകീയതയിലെത്തിച്ചത്. ഒരിടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ നായകൻ ഷെരീഫ് മുഖമ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും മലബാറിയൻസിന് തിരിച്ചടിയാണ്.
17 കളിയിലായി ഗോകുലത്തിന് 40 പോയന്റുണ്ട്. സീസണിൽ 12 ജയവും നാല് സമനിലയും ഒരു തോൽവിയുമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. 42 ഗോൾ അടിച്ചപ്പോൾ തിരിച്ചുവാങ്ങിയത് 14 ഗോൾ മാത്രമാണ്. രണ്ടാം സ്ഥാനത്ത് കൊൽക്കത്ത ക്ലബ്ബ് മുഹമ്മദൻസാണ്. 37 പോയന്റാണ് ടീമിനുള്ളത്.
ഇന്നത്തെ നേർക്ക് നേർ പേരിൽ ഗോകുലം തോറ്റാൽ കിരീടം മുഹമ്മദൻസിനാകും. കിരീടം ലഭിക്കും. ഐ ലീഗ് നിയമപ്രകാരം തുല്യപോയന്റ് വന്നാൽ പരസ്പരം കളിച്ചതിലെ പോയന്റാണ് പരിഗണിക്കുക. ആദ്യഘട്ടത്തിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ സമനിലയായിരുന്നു ഫലം.
മൊഹമ്മദൻസിനെതിരെ തോൽക്കാതിരുന്നാൽ ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബാകാൻ ഗോകുലത്തിന് കഴിയും. ടൂർണമെൻറ് ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബിനും കിരീടം നിലനിർത്താനായിട്ടില്ല. ഇനിയുള്ള മണിക്കൂറുകൾ കാൽപന്ത് കളി പ്രേമികളുടെ ശ്രദ്ധ മുഴുവൻ കൊൽക്കത്തയിലെ സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലേക്കാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.