World Migratory Bird Day; ഇന്ന് ദേശാന്തരങ്ങൾ താണ്ടി ലോകത്തെ കോർത്തിണക്കുന്ന ദേശാടന പക്ഷികളുടെ ദിനം

ദേശാന്തരങ്ങൾ താണ്ടി ലോകത്തെ കോർത്തിണക്കുന്ന ദേശാടന പക്ഷികളുടെ ദിനമാണ് (World Migratory Bird Day) ഇന്ന്. ആഗോളതലത്തില്‍ ദേശാടന കിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇന്ന് ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നു.

കരിംകൊക്ക്,വെള്ളനീലി ഇങ്ങനെ വയലോലകളിലും ചതുപ്പുകളിലും പറന്നെത്തിയ ദേശാടന പക്ഷികൾക്ക് നാട്ടിൻപുറങ്ങളിൽ പലപേരുകൾ വീണു. കടലും മരുഭൂവും താണ്ടിയെത്തുന്ന വിദേശികൾക്ക് 2006 ൽ ലോകത്താകമാനം ഒരുദിനം പിറന്നു…… ലോക ദേശാടന പക്ഷിദിനം.

ദേശാടന പക്ഷികളെ മനസ്സിലാക്കാനും ജനശ്രദ്ധയിലെത്തിക്കുന്നതിനുമാണ് ദേശാടന പക്ഷിദിനം ആചരിക്കുന്നത്.ദേശാന്തരങ്ങളില്ലാതെ ലോകം മുഴുവൻ സഞ്ചരിക്കുന്ന പക്ഷികളുടെ സംരക്ഷണത്തിനായുള്ള ആഗോള കൂട്ടായ്മയുടെ അനിവാര്യതയാണ് ഈ ദിനത്തിന്റെ പിറവിക്കു പിന്നിൽ.

1894 ൽ അമേരിക്കയിൽ ചാൾസ് ബാബിലോക്കാണ് പക്ഷിദിനത്തിന്റെ പ്രാധാന്യം ലോകത്തിനു പരിചയപ്പെടുത്തുന്നത് .വളർത്തുപക്ഷി പരിപാലനം ലക്ഷ്യമാക്കി വന്ന ഈ ദിനത്തിന്റെ പരിഷ്‌കൃതമായ ഒരു മാതൃക 1979  മുതൽ ഇംഗ്ളണ്ടിൽ അവതരിപ്പിക്കപ്പെട്ടു.

എന്നാൽ ദശകങ്ങൾക്കിപ്പുറം 2006 ൽ ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ ദേശാടന പക്ഷികളുടെ സംരക്ഷണം ലക്‌ഷ്യം വച് ലോക ദേശാടന പക്ഷിദിനാചരണം ആരംഭിച്ചു. എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാം ശനിയാഴ്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുമ്പോള്‍ തെക്കേ അമേരിക്ക, മെക്‌സിക്കോ,കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് ദേശാടനപക്ഷി ദിനമായി ആചരിക്കുന്നത്. അനുകൂല കാലാവസ്ഥ പരിഗണിച്ചാണ് ഈ ദിനമാറ്റം.

കേരളത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ദേശാടനപക്ഷികള്‍ കൂടുതലായി എത്തുന്നത്. കൂടാതെ ആസ്‌ട്രേലിയ,റഷ്യ,സ്വിറ്റ്‌സര്‍ലന്റ്,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമൊക്കെ പക്ഷികള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട്. ജനസാന്ദ്രത ഏറിയ കേരളത്തില്‍ വെള്ളായണി, അഷ്ടമുടി,വേമ്പനാട് എന്നീ കായലുകലോടനുബന്ധിച്ചും ഭാരതപ്പുഴ, ചാലിയാര്‍,കടലുണ്ടിപ്പുഴ തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങളിലും ഇപ്പോഴും ദേശാടനപ്പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്നു.

Dim the lights for birds at night എന്ന പ്രമേയവുമായാണ് 2022 ലെ ദേശാടന പക്ഷിദിനാചരണമെത്തുന്നത് പ്രതികൂലമായ കാലാവസ്ഥയിൽ നിന്നും ദേശങ്ങൾ താണ്ടിനീങ്ങുന്ന പക്ഷികൾക്ക് വലിയവെല്ലുവിളിയാണ് പ്രകാശനമലിനീകരണം തീർക്കുന്നത്. പ്രതിവർഷം ലക്ഷക്കണക്കിന്  പക്ഷികളാണ് ആകാശപാതകളിൽ വഴിതെറ്റി ഇല്ലാതാകുന്നത്.

രാത്രികളിൽ കൂടിയ തോതിലുള്ള നിർമ്മിത പ്രകാശത്താൽ വഴിതെറ്റി ഉയർന്ന കെട്ടിടങ്ങളുമായി കൂട്ടിയിടിച്ചും പ്രതികൂല കാലാവസ്ഥയിൽ ചെന്നെത്തിയുമാണിവ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുന്നത്.
വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളോടും വ്യവസായ ലോകത്തോടും പൊതുജനങ്ങളോടുമുള്ള അഭ്യർത്ഥനയാണ് ഈ ദേശാടനപക്ഷിദിനത്തിന്റെയും സന്ദേശം മുന്നോട്ട് വയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here