Chintan Shivir; ഒരു മാറ്റവും ഇല്ലല്ലേ… ! ചിന്തന്‍ ശിബിരത്തില്‍ ഉയരുന്നത് രാഹുല്‍ ഗാന്ധി സ്തുതി

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വിളിച്ചുചേർത്ത കോൺഗ്രസ്‌ ചിന്തൻ ശിബിരത്തിലും ഉയരുന്നത്‌ രാഹുൽ ഗാന്ധി സ്‌തുതി. എത്രയുംവേഗം രാഹുൽ അധ്യക്ഷനാകണമെന്നാണ്‌ കൂട്ട മുറവിളി. കുടുംബവാഴ്‌ചയ്‌ക്കെതിരെ വിമത ശബ്‌ദമുയർത്തിയ ജി–-23 വിഭാഗത്തെ പൂർണമായും ഒറ്റപ്പെടുത്തുകയാണ്‌ ലക്ഷ്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി അജയ്‌ മാക്കൻ, രൺദീപ്‌ സുർജെവാല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ തുടങ്ങിയവരാണ്‌ ശിബിരം നിയന്ത്രിക്കുന്നത്‌. എല്ലാവരും കുടുംബ വിശ്വസ്‌തർ. സ്വാഗതം ആശംസിച്ച രാജസ്ഥാൻ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ദൊതസ്‌രയും അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ച മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെയും പുകഴ്‌ത്തലോടെയാണ്‌ നടപടി തുടങ്ങിയത്‌. രാഹുലിന്റെ വിശ്വസ്‌തനായ അജയ്‌ മാക്കനാണ്‌ സമ്മേളന നടപടി വിശദീകരിച്ചത്‌. തുടർന്ന്‌ സോണിയ ആമുഖ പ്രസംഗം നടത്തി. സംഘടന, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി ആറ്‌ വിഷയത്തിൽ ഗ്രൂപ്പ്‌ ചർച്ച ആരംഭിച്ചു. പ്രത്യേക സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ രഹസ്യസ്വഭാവത്തിലാണ്‌ ചർച്ച. ഒരുഗ്രൂപ്പിൽ എഴുപത്‌ പ്രതിനിധികളുണ്ട്‌. മറ്റാർക്കും പ്രവേശനമില്ല. രാഹുൽ സ്ഥിരതയുള്ള അധ്യക്ഷനാകണമെന്നും പാർടിയും സംഘടനയും ആവശ്യപ്പെടുമ്പോഴെല്ലാം ഒപ്പമുണ്ടാകണമെന്നും ചർച്ചയിൽ ടി എൻ പ്രതാപൻ പറഞ്ഞു. പ്രവർത്തക സമിതി അംഗം, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മുൻ അധ്യക്ഷൻമാർ, മുൻ കേന്ദ്ര മന്ത്രിമാർ, എൻഎസ്‌യു, യൂത്ത്‌, മഹിളാ പ്രതിനിധികൾ എന്നിവർക്കാണ്‌ ക്ഷണം. കേരളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള പ്രമുഖർക്ക്‌ ക്ഷണമുണ്ടായില്ല. ജി–-23 നേതാവായ കപിൽ സിബൽ എത്തിയില്ല. കുടുംബവാഴ്‌ചയെ വിമർശിച്ചതിന്‌ നേതാക്കൾ വളഞ്ഞിട്ടാക്രമിച്ചതിൽ പ്രതിഷേധിച്ചാണ്‌ ബഹിഷ്‌കരണം.

Chintan Shivir; കോണ്‍ഗ്രസിന്‍റെ ചിന്തന്‍ശിബിരിന് ഉദയ്പ്പൂരില്‍ തുടക്കം

കോണ്‍ഗ്രസിന്‍റെ മൂന്ന് ദിവസത്തെ ചിന്തന്‍ശിബിരിന് ഉദയ്പ്പൂരില്‍ തുടക്കം. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ചിന്തയും സംഘടനാവിഷയങ്ങളില്‍ ആത്മപരിശോധനയും ഉണ്ടാകണമെന്നും സോണിയ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് 26 നേതാക്കളാണ് പങ്കെടുക്കുന്നത്.

ആരവല്ലി മലനിരകളുടെ താഴ്വരയിലെ തടാക നഗരമായ ഉദയ്പ്പൂരില്‍ ഇനി മൂന്ന് ദിവസം കോണ്‍ഗ്രസിന് ചൂടുപിടിച്ച ചര്‍ച്ചകള്‍. കോണ്‍ഗ്രസ് രാഷ്ട്രീയമായും സംഘടനാപരമായും നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചിന്തന്‍ ശിബിരില്‍ സോണിയാഗാന്ധിയുടെ ആമുഖ പ്രസംഗം. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഐക്യത്തിന്‍റെ സന്ദേശമാകണം ഉദയ്പ്പൂര്‍ ചിന്തന്‍ ശിബിരെന്നും സോണിയ പറഞ്ഞു.

ആറ് സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ചിന്തന്‍ ശിബിരില്‍ തുടങ്ങി. ഒരാള്‍ക്ക് ഒരു പദവി, ഒരു കുടുംബത്തില്‍ ഒരു സീറ്റ്, രാജ്യസഭ സീറ്റ് ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ മാത്രം, പാര്‍ടി പദവികളില്‍ പ്രായപരിധി, എല്ലാ ഘടകങ്ങളിലും യുവാക്കള്‍ക്ക് അമ്പത് ശതമാനം സംവരണം തുടങ്ങി നിരവധി പുതിയ നിര്‍ദ്ദേശങ്ങളാണ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചക്ക് വെക്കുന്നത്.

ജി 23 നേതാക്കളെ അനുനയിപ്പിക്കാന്‍ ചിന്തന്‍ ശിബരിലൂടെ ശ്രമിക്കുമ്പോള്‍ കപില്‍ സിബല്‍ വിട്ടുനില്‍ക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മന്‍മോഹന്‍ സിംഗും എ.കെ.ആന്‍റണിയും പങ്കടുക്കുന്നില്ല. കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, വി.ഡി.സതീശന്‍ ഉള്‍പ്പടെ 26 നേതാക്കളും ഉദയ്പ്പൂര്‍ ചര്‍ച്ചകളുടെ ഭാഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here