ദില്ലിയിൽ നാല് നില കെട്ടിടം( Delhi Fire ) കത്തിയമർന്ന് 27 പേർ വെന്തുമരിച്ച സംഭവത്തില്‍ കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു ( Police Custody ). കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്രറ ഒളിവിലാണ്.
40 പേർക്ക് പൊള്ളലേറ്റു. പടിഞ്ഞാറൻ ദില്ലിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷന് സമീപമുള്ള കെട്ടിടമാണ് കത്തിയത്. 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയർന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളി വൈകിട്ട് 4.40ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ് എത്തിയാണ് തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചത്. കാരണം അറിവായിട്ടില്ല. രാത്രി വൈകി തീ അണച്ചു. രക്ഷാപ്രവർത്തനത്തിൽ വൻവീഴ്‌ചയുണ്ടായതായി ആരോപണമുണ്ട്.
കെട്ടിടത്തിൽ പരിശോധന തുടരുകയാണ്. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം നൽകും. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. മൃതദേഹങ്ങളിൽ പലതും ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പൂർണ്ണമായി കത്തിയ നിലയിലാണ്. ആളെ തിരിച്ചറിയൻ ശാസ്ത്രീയ പരിശോധന വേണ്ടി വരും.
കെട്ടിടത്തിൽ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടൂതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്. സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട് . സ്ഥാപന ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഫോറൻസിക് പരിശോധനയും ഇന്നു നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.