ഗോതമ്പ്(wheat) കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടാണ് നടപടി. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
2021-22 വർഷത്തിൽ 7 ദശലക്ഷം ടൺ ഗോതമ്പാണ് രാജ്യത്ത് ഉൽപ്പാദിപ്പിച്ചത്. ചൂട് കൂടിയതോടെ ഉത്പാദനത്തിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം ഉത്പാദനം കുറഞ്ഞു. ഈ സാഹചര്യത്തിൽ ദില്ലിയിൽ ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ ഗോതമ്പ് വിഹിതം കേന്ദ്രസർക്കാർ കുറച്ചിരുന്നു.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല.
മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. റഷ്യ-യുക്രൈൻ യുദ്ധം മൂലം ഗോതമ്പിന്റെ രാജ്യാന്തര വിലയിൽ 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചു. ഡിമാൻഡ് വർധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെയും മൈദയുടെയും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ധാന്യ വില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.