Srilanka: ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

ശ്രീലങ്കയില്‍(srilanka) സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ലങ്കയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലാപാടുകളാണ് നിര്‍ണായകമായിരിക്കുന്നത്.

ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. സർക്കാരിൽ ചേരില്ലെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രഖ്യാപിച്ചു.

ഇതോടെ മന്ത്രിസഭാ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ, രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാരിന്‌ പുറത്തുനിന്ന്‌ പിന്തുണ നൽകാമെന്ന്‌ പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്‌. രജപക്‌സെ –വിക്രമസിംഗെ സർക്കാരിൽ ചേരാനാകില്ലെന്ന്‌ ഭരണകക്ഷിയായ എസ്‌എൽപിപിയിലെ സ്വതന്ത്ര വിഭാഗം എംപി വിമൽ വീരവൻസ പറഞ്ഞു.

മുൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയുടെ പാർടിയായ എസ്‌എൽഎഫ്‌പിയും ഇടതുപക്ഷ പാർടിയായ ജെവിപിയും സർക്കാരിൽനിന്ന്‌ വിട്ടുനിൽക്കാൻ തീരുമാനിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റ വിക്രമസിംഗെയുടെ സർക്കാരിൽ അംഗമാകാനില്ലെന്നാണ്‌ എസ്ജെബി നിലപാട്‌.

ആഭ്യന്തര കലാപത്തെ തുടർന്ന്‌ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതോടെ എല്ലാ രാഷ്‌ട്രീയ പാർടികളെയും ചേർത്ത്‌ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നായിരുന്നു സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്‌സെ പ്രഖ്യാപിച്ചിരുന്നത്‌. എന്നാൽ, യുണൈറ്റഡ്‌ നാഷണൽ പാർടിയുടെ ഏക എംപിയായ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here