Chintan Shivir: പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയകാര്യ പ്രമേയം

നിലവിലെ അരക്ഷിതാവസ്ഥകള്‍ മറികടന്ന് പാര്‍ടിക്ക് സ്ഥിരതയുള്ള അദ്ധ്യക്ഷന്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ്(Congress) ചിന്തന്‍ ശിബിരില്‍(Chintan Shivir) രാഷ്ട്രീയകാര്യ പ്രമേയം. രാഹുല്‍ ഗാന്ധി(Rahul Gandhi) അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. തന്റെ പേരില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉയര്‍ത്തരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നാളെ ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോട് ചിന്തന്‍ ശിബിര്‍ സമാപിക്കും.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ലക്ഷ്യം വെച്ചുള്ള ചിന്തന്‍ശിബിരില്‍ കോണ്‍ഗ്രസിന് സ്ഥിരം അദ്ധ്യക്ഷന്‍ വേണം എന്ന നിര്‍ദേശമാണ് സംഘടനാകാര്യ പ്രമേയം മുന്നോട്ടുവെക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പദയാത്രകള്‍ സംഘടിപ്പിക്കണം, എല്ലാ ബൂത്തുകളില്‍ പാര്‍ടിക്ക് ഓഫീസ് സംവിധാനം, ഫണ്ട് പിരിവിന് പുതിയ രീതികള്‍ . രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഈ ചിന്തന്‍ ശിബിരത്തിലും ഉയര്‍ന്നു. അതേസമയം തന്റെ പേരില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉയര്‍ത്താതെ സംഘടനയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. മതേതര നിലപാട് ശക്തിപ്പെടുത്തി നഷ്ടപ്പെട്ട വിശ്വാസ്യത കോണ്‍ഗ്രസ് തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ക്ഷേത്രങ്ങളിലും പള്ളികളിലും പോയുള്ള നാടകങ്ങള്‍ അവസാനിപ്പിക്കണം. ഇതൊന്നും പാര്‍ടിക്ക് ഗുണം ചെയ്യില്ല എന്നാണ് വിമര്‍ശനം. സാമ്പത്തിക നയം പൊളിച്ചൊഴുതണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നവഉദാരവത്കരണ നയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോകണം. പൊതുമേഖലയെ ശക്തിപ്പെടുത്തല്‍ മുഖ്യ അജണ്ടയായി ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. പാര്‍ടിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ടികളുമായി സഖ്യം വേണ്ടെന്നാണ് നിര്‍ദ്ദേശം.

കുടുംബ രാഷ്ട്രീയമെന്ന ചീത്തപ്പേര് അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സീറ്റ് എന്നൊക്കെയുള്ള നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ വന്നെങ്കിലും പിന്നീടത് പരിഷ്‌കരിച്ചു. അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയമുണ്ടെങ്കില്‍ രണ്ടാമതൊരാള്‍ക്ക് സീറ്റ് നല്‍കാം എന്നാണ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. അങ്ങനെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന പതിവ് ശൈലികളില്‍ മാറ്റമില്ല. ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ ഏതൊക്കെ അംഗീകരിക്കണം എന്ന് നാളെ ചേരുന്ന പ്രവര്‍ത്തക സമിതി തീരുമാനിക്കും. അതിന് ശേഷം വൈകീട്ട് ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെയാകും ചിന്തന്‍ ശിബിര്‍ സമാപിക്കുക.

കോണ്‍ഗ്രസ് മാറുമോ, അതേ എല്ലാം പതിവ് പോലെ തന്നെയാണോ എന്നറിയാന്‍ നാളെ വരെ കാത്തിക്കാം. പരീക്ഷണങ്ങള്‍ക്ക് ഇനി കോണ്‍ഗ്രസിന് സമയമില്ല. അതുതന്നെയാണ് ഉദയ്പ്പൂര്‍ ചിന്തന്‍ ശിബിരിനെ നിര്‍ണായകമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here