തോമസ് കപ്പ്(Thomas Cup) ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യന്മാരായ ഇന്തൊനേഷ്യയാണ് ഇന്ത്യയുടെ എതിരാളി.
ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഡെൻമാർക്കിനെ 3–2ന് തോൽപിച്ചാണ് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റണിന്റെ ഫൈനലിൽ കടന്നത്. അവസാന സിംഗിൾസിൽ വിജയം നേടിയ മലയാളി താരം എച്ച് എസ് പ്രണോയിയായിരുന്നു ഇന്ത്യയുടെ വിജയ ഹീറോ.
5 തവണ ചാമ്പ്യന്മാരായ മലേഷ്യയെ ഇന്ത്യ വീഴ്ത്തിയപ്പോഴും പ്രണോയ് തന്നെയായിരുന്നു ഹീറോ. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് നിലവിൽ ബാഡ്മിന്റണിൽ രാജ്യത്തെ രണ്ടാം നമ്പർ താരമാണ്. ജപ്പാനെ തോൽപ്പിച്ചെത്തുന്ന ഇന്തൊനീഷ്യയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
അന്തോണി സിനിസുക ജീൻഡിംഗ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് ഇന്തൊനീഷ്യയുടെ കരുത്ത്.ലക്ഷ്യാ സെൻ, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവർ സിംഗിൾസിലും, ഡബിൾസിൽ സാത്വികാ റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി, കൃഷ്ണപ്രസാദ് ഗരാഗ- വിഷ്ണു വർധൻ പഞ്ചാല ജോഡികളുമാണ് നടാടെ ഫൈനലിനിറങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക.
പുല്ലേല ഗോപിചന്ദാണ് ടീമിന്റെ പരിശീലകൻ. 73 വർഷം പ്രായമുള്ള തോമസ് കപ്പിൽ ചരിത്ര കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ അഭിമാന താരങ്ങൾ ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ പോരിനിറങ്ങുമ്പോൾ രാജ്യമെമ്പാടുമുള്ള ബാഡ്മിന്റൺപ്രേമികൾ ഒന്നടങ്കം ആവേശലഹരിയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.