Vatican: ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

ദേവസാഹായം പിള്ളയെ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലായിരുന്നു പ്രഖ്യാപനം. വിശുദ്ധ പദവിയിലെത്തുന്ന ഇന്ത്യയുടെ ആദ്യ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. കൂടാതെ ഇന്ത്യന്‍ സഭയുടെ വൈദികന്‍ അല്ലാത്ത ആദ്യ വിശുദ്ധനും കൂടിയാണ് അദ്ദേഹം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.25 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ദൈവസഹായം പിള്ളയോടൊപ്പം മറ്റ് പതിനാല് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് പിന്നീട് ലാസര്‍ ദേവസഹായം പിളളയായത്. കന്യാകുമാരിയിലെ നട്ടാലത്ത് 1712 ലായിരുന്നു നീലകണ്ഠപിളളയുടെ ജനനം. ദൈവസഹായം പിള്ള വെടിയേറ്റ് മരിച്ച കാറ്റാടിമലയിലെ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളുമാണ് നടക്കുന്നത്.

മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാന്‍കുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. ക്രിസ്തുമതത്തില്‍ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം.

വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോട്ടാര്‍, കുഴിത്തുറ, നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കാറ്റാടിമലയില്‍ കൃതജ്ഞതാ ബലിയും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here