K N Balagopal : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ധനമന്ത്രി കൈരളി ന്യൂസിനോട്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ( K N balagopal ) കൈരളി ന്യൂസിനോട് ( Kairali News )പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തിക നയമാണ് ബുദ്ധിമുട്ടിന് കാരണം. അടുത്ത മാസത്തെ ശമ്പള വിതരണം മുടങ്ങില്ലെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ സാമ്പത്തിക നയം അംഗീകരിക്കുന്നുണ്ടോ എന്നും വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനിന് സംസ്ഥാന ഖജനാവില്‍ നിന്നും ഒറ്റയടിക്ക് പണം നല്‍കേണ്ടതില്ലെന്നും സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഒന്നല്ലെന്നും ധനമന്ത്രി പറഞ്ഞു.

K N Balagopal : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ( government Employees)  ശമ്പളം ( Salary ) മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതം. പച്ചവാതകത്തിന് സംസ്ഥാന സര്‍ക്കാര്‍ നികുതി ഈടാക്കുന്നില്ല.

300 രൂപ നികുതയായി സര്‍ക്കാരിന് കിട്ടുന്നു എന്നത് തെറ്റായ പ്രചാരണമാണ്. പരമാവധി 14 കിലോ സിലിണ്ടറിന് 600 രൂപയെ ഈടാക്കാനാകൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം. കേന്ദ്രമാണ് അമിതമായി വില കൂട്ടുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

indian economy : കേരളത്തിന്റെ പ്രതിഷേധം ഫലംകണ്ടു; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

കേരളത്തിന്റെ പ്രതിഷേധവും ആവർത്തിച്ചുള്ള എഴുത്തുകുത്തുകളും ഫലംകണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക അനുമതി നൽകി. എന്നാൽ, ജിഎസ്‌ടി നഷ്‌ടപരിഹാരമായി ലഭിക്കാനുള്ള 5008 കോടി രൂപ സംബന്ധിച്ച്‌ കേന്ദ്രം മൗനം തുടരുകയാണ്‌.

കടമെടുക്കാൻ അനുമതി നൽകണമെന്നും ജിഎസ്‌ടി നഷ്‌ടപരിഹാരകുടിശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പലതവണ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. മന്ത്രിസഭായോഗത്തിന്‌ ശേഷം ബുധനാഴ്‌ച വീണ്ടും കത്ത്‌ നൽകി. ഇതേതുടർന്നാണ്‌ അനുമതി.

വിലക്കയറ്റത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ അർഹതപ്പെട്ട ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാതെയും കടമെടുക്കുന്നതിന്‌ തടസ്സംനിന്നും കേരളത്തെ ശ്വാസംമുട്ടിക്കുന്നതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.  ജിഎസ്‌ടി നഷ്ടപരിഹാരമായി 4011 കോടി കഴിഞ്ഞ സാമ്പത്തിക വർഷം ലഭിക്കേണ്ടതായിരുന്നു.

ഈ ഏപ്രിലിലെ കുടിശ്ശിക‌ 997 കോടിയും. ഇവ നൽകാതെ നീട്ടിക്കൊണ്ടുപോകുകയാണ്‌.  റവന്യൂ കമ്മി ഗ്രാന്റും കുറയും. കേരളത്തിന്‌  റവന്യു കമ്മി ഗ്രാന്റായി കഴിഞ്ഞവർഷം 19,891 കോടി രൂപ ലഭിച്ചു. ഈവർഷം അനുവദിക്കുക 13,174 കോടി രൂപ മാത്രം. കുറവ്‌ 6717 കോടി.

വിപണി കടമായി ബജറ്റിൽ 39,133 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യം. എന്നാൽ, കേന്ദ്രം അനുവദിച്ചത്‌ 32,425 കോടിയും. തട്ടിക്കിഴിക്കലുകൾ കഴിയുമ്പോൾ ഇത്‌ 27,000 കോടിയായി ചുരുങ്ങും. ഇതിലും‌ ഇടങ്കോലിടുന്നു‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേകോദ്ദേശ്യ സ്ഥാപനങ്ങളെടുക്കുന്ന ‌കടത്തിന്‌ നൽകുന്ന ഗ്യാരന്റിയെ സർക്കാർ കടമാക്കി കണക്കെഴുതണമെന്നാണ്‌ കേന്ദ്ര നിലപാട്‌.

ഇതിലൂടെ മൊത്തം കടമെടുപ്പ്‌ പരിധി വെട്ടിക്കുറയ്‌ക്കാനാണ്‌ നീക്കം. ഈ നിർബന്ധബുദ്ധി തുടർന്നാൽ 10,000 കോടി രൂപയെങ്കിലും കുറച്ചേ വായ്‌പാനുമതി ലഭിക്കൂ. ബജറ്റിൽ ലക്ഷ്യമിട്ട വരുമാനത്തിൽ ആകെ 26,700 കോടിയെങ്കിലും കുറയും. ജിഎസ്‌ടി നിരക്കുകൾ തോന്നിയപടി കുറച്ചതിനാൽ സംസ്ഥാനത്തിന്റെ തനത്‌ നികുതി വരുമാനത്തിൽ കാര്യമായ വളർച്ചാ‌ സാധ്യതയുമില്ല.

ചെലവുചുരുക്കൽ അസാധ്യം

ക്ഷേമ, വികസന ചെലവുകൾ ചുരുക്കുക നിലവിൽ സംസ്ഥാനത്തിന്‌  സാധ്യമല്ല. ശമ്പളത്തിനും പെൻഷനും വിരമിക്കൽ ആനുകൂല്യ വിതരണത്തിനുമായി വേണ്ടത്‌‌ 68,914 കോടിയാണ്‌. പലിശയ്‌ക്കായി 26,834 കോടിയും. സർവകലാശാലകൾക്കും കെഎസ്‌ആർടിസിയടക്കം പൊതുമേഖലയ്‌ക്കുമായി 3777 കോടി ഗ്രാന്റ്‌ നൽകണം.

ഭക്ഷ്യസബ്‌സിഡിക്ക്‌ 2170 കോടിയും. രാജ്യത്താകെ വിലക്കയറ്റ സാഹചര്യത്തിൽ ചെലവ്‌ ഉയരാനാണ്‌ സാധ്യത. സ്‌കോളർഷിപ്പുകൾക്കും സ്റ്റൈപെൻഡുകൾക്കും 1214 കോടിയും, ആരോഗ്യ മേഖലയ്ക്ക്‌ 5820 കോടിയും, വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 20,592 കോടിയും കണക്കാക്കുന്നു.

ക്ഷേമ പെൻഷന്‌ 10,152 കോടിയും വിവിധ വിഭാഗങ്ങളുടെ പോഷക പൂരണ പരിപാടികൾക്ക്‌ 2848 കോടിയും വേണം. ബജറ്റിലെ വാർഷിക മൊത്ത ചെലവ്‌ 1.73 ലക്ഷം കോടി രൂപയാണ്‌. ബജറ്റിലെ വരുമാനസ്രോതസ്സുകളിൽ 26,700 കോടിയുടെ കുറവും കണക്കാക്കുന്നു. ഇതിനിടയിലാണ്‌ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here