“അങ്ങ് സധൈര്യം അസ്തമിച്ചു കൊള്ളുക. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു കൊള്ളാം”: ടാഗോറിന്റെ വരികളെ ജീവിതമാക്കിയ ഡോ.ജൂനി

“ഞാൻ അസ്തമിക്കാൻ പോകുന്നു.ആരാണ് എൻ്റെ ജോലി തുടരുക … ” അസ്തമയ സൂര്യൻ ചോദിച്ചു;കുടിലിലെ ചെറിയ മൺവിളക്ക് പറഞ്ഞു, അങ്ങ് സധൈര്യം അസ്തമിച്ചു കൊള്ളുക. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു കൊള്ളാം”-ടാഗോറിന്റെ ഒരു കവിതയുടെ ഇതിവൃത്തമാണിത്. ആത്മസമർപ്പണത്തിന്റെയും അധ്വാനത്തിന്റെയും ഈ വരികളെ ഓർമിപ്പിക്കുന്ന ഒരു മുഖം തെളിഞ്ഞ് വരുന്നു.കൽക്കത്തയിലെ വഴികളിൽ കൊലുസണിഞ്ഞു നടന്ന നാല് വയസുകാരിയിൽ നിന്നും പിന്നീട് ചിലങ്കമണികൾ കിലുക്കിയ,സമ്മാനങ്ങൾ വാരിക്കൂട്ടിയ ,കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കിയ,കൈകളിൽ നിറങ്ങളുടെ വിസ്മയം ഒളിപ്പിച്ച ,ഒരുകൂട്ടം പെണ്കുട്ടികളെ ചേർത്തുപിടിക്കുന്ന ഡോ ജൂനി എന്ന കലാകാരിയെ .”അങ്ങു ധൈര്യമായി മറഞ്ഞു കൊള്ളു. എനിക്ക് കഴിവുള്ളത് ഞാൻ ചെയ്യും” എന്ന ടാഗോറിന്റെ വരികൾ പോലെ കലയും തൊഴിലും ആത്മസമർപ്പണമാണ് എന്ന് തെളിയിച്ച ജൂനി മേനോൻ.ഒന്നിനും സമയമില്ല ,സാഹചര്യമില്ല എന്നിങ്ങനെയുള്ള ഒഴിവുകഴിവുകൾ പറയുന്നവർ കേൾക്കണം ഡോ ജൂനി എന്തൊക്കെയാണ് ഒരേ സമയം ചെയ്യുന്നതെന്ന്.

Dr.JUNI

കൊൽക്കത്ത എന്ന കലയുടെ നഗരത്തിലാണ് ജൂനിയുടെ കുട്ടിക്കാലം.കോട്ടയത്ത് നിന്നും  അച്ഛനമ്മമാർക്കൊപ്പം കൽക്കത്ത നഗരത്തിന്റെ മകളായി തന്നെയാണ് ജൂനിയുടെ വളർച്ച. വ്യാഴവട്ടക്കാലത്തെ കൊൽക്കത്ത വാസത്തിൽ നൃത്തവും സംഗീതവും ജൂനി പഠിച്ചിരുന്നു.പന്ത്രണ്ടാം വയസിൽ എൻജിനീയറായ അച്ഛൻ ശശി പണിക്കർക്കും അമ്മ ശൈലജ ദേവിക്കും,അനുജൻ റോബിൻ പണിക്കർക്കുമൊപ്പം കോട്ടയത്തേക്ക് തിരികെയെത്തി.അവിടെ നിന്നാണ് യഥാർത്ഥത്തിൽ കലാകാരിയായ ജൂനിയുടെ ജീവിതം ശരിക്കും തുടങ്ങുന്നത്.ആർ എൽ വി അനിൽകുമാറിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ച് തുടങ്ങി.പിന്നീട് കലോത്സവങ്ങളിൽ സ്ഥിര സാന്നധ്യമായി ജൂനി മാറി.

കുറച്ച് നാളുകൾക്ക് ശേഷം കലാക്ഷേത്ര സുദർശനകുമാറിന്റെ ശിക്ഷണത്തിൽ ജൂനി നൃത്തം അഭ്യസിച്ച് തുടങ്ങി.അദ്ദേഹത്തിന്റെ ശിഷ്യയായതോടെ തന്റേതായ ഒരു സ്റ്റൈൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന് ജൂനി ഓർമ്മിക്കുന്നു.

മാറി മാറി വരുന്ന മത്സരങ്ങളിൽ ജൂനി സമ്മാനങ്ങൾ വാരി കൂട്ടി.അടുപ്പിച്ച് 3 വർഷങ്ങളിൽ സബ്ജില്ലാ, ജില്ലാകലാതിലകപ്പട്ടങ്ങൾ..മഞ്ജു വാര്യർ അടക്കമുള്ള പ്രതിഭകൾക്കൊപ്പമുള്ള സംസ്ഥാന മത്സരങ്ങൾ.

അടവുകളും ചുവടുകളും കൃത്യമായതോടെ നൃത്തത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണമെന്ന് എല്ലാവരും പറയുകയും സ്വയം തോന്നുകയും ചെയ്തു.അങ്ങനെയാണ് ഗുരു ഡോ നീന പ്രസാദിന്റെ ശിക്ഷണത്തിൽ നൃത്ത പഠനം ആരംഭിക്കുന്നത്. അത്രയും നാൾ പുരുഷന്മാരായ ഗുരുക്കന്മാരിൽ നിന്നും പകർന്നു കിട്ടിയ സ്റ്റൈൽ ആയിരുന്നില്ല ഡോ നീന പ്രസാദിൽ നിന്നും പകർന്നു കിട്ടിയത്. “ഓരോ ചലനത്തിലും ആംഗ്യത്തിലും ഭാവത്തിലും എനിക്ക് തന്നെ വ്യത്യാസം അനുഭവപെട്ടു തുടങ്ങി” എന്ന് ജൂനി ഓർമ്മിക്കുന്നു .

ഗുരു ഡോ നീന പ്രസാദിനൊപ്പം ജൂനി

“പ്രതീക്ഷിക്കാതെയുള്ള തീരുമാനങ്ങളിലൂടെ വന്നെത്തുന്ന ചില സൗഭാഗ്യങ്ങളാണ് ജീവിതത്തെ മനോഹരമാക്കുന്നത്.ഗുരു ഡോ.നീന പ്രസാദ് അത്തരത്തിൽ എന്റെ കലാ ജീവിതത്തിൽ വന്നെത്തിയ സൗഭാഗ്യമാണ്.കോട്ടയത്ത് നിന്നും ഞാൻ നീന ചേച്ചിയുടെ അടുത്ത് വന്നു നൃത്തം അഭ്യസിച്ചിരുന്നു.അപ്പോഴേക്കും നൃത്തമെന്നത് എനിക്ക് ഏറ്റവും അമൂല്യമായ അനുഭവവും അനുഭൂതിയുമായി മാറി കഴിഞ്ഞിരുന്നു.ഗുരു ഡോ നീന പ്രസാദ്  എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.മത്സരങ്ങൾക്കപ്പുറത്തേക്ക് നൃത്തത്തെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത് നീന ചേച്ചിയാണ്..ആരും പറയാതെ മൂന്നും നാലും മണിക്കൂർ ഞാൻ പ്രാക്ടീസ് ചെയ്തിരുന്നു.” ഡോ ജൂനി പഴയ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.ഡോ നീന പ്രസാദിന്റെ ശിഷ്യയായിരുന്ന കാലഘട്ടത്തിലാണ് ജൂനി എം ജി യൂണിവേഴ്സിറ്റി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടത് .

സംസ്ഥാനം കടന്നും ജൂനിയുടെ ചിലങ്കകൾ കിലുങ്ങി തുടങ്ങി.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച നർത്തകിക്കുള്ള പതിനൊന്നാമത് മോനിഷ പുരസ്കാരം ജൂനിയേ തേടിയെത്തി.സുരേഷ്‌ഗോപിയും രേവതിയുമൊക്കെ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു അത്.

എല്ലാ താളമേളങ്ങൾക്കിടയിലും അക്കാഡമിക് തലത്തിലും ജൂനി എല്ലാക്കാലത്തും ഒന്നാമതായിരുന്നു.ഡാൻസിനും വരകൾക്കും സംഗീതത്തിനുമിടയിലും പഠനത്തിലും ജൂനി തിളങ്ങി നിന്നു.നൃത്തം പോലെ തന്നെ പാഷനായി കണ്ട മെഡിക്കൽ പ്രൊഫഷനും ഒരു പ്രയാസവുമില്ലാതെ ജൂനിയേ തേടിയെത്തി.എന്നാൽ അവിടെയാണ് ജൂനിയിലെ കലാകാരിക്ക് കുറച്ചോന്ന് മയപ്പെടേണ്ടി വന്നത്.പതിവ് പോലെയുള്ള പ്രാക്ടീസുകളും നൃത്ത ക്‌ളാസുകളും പഠനത്തിനൊപ്പം കൊണ്ടുപോകാൻ കഴിയാതെ വന്നു.

എങ്കിലുംമെഡിക്കൽ ക്യാമ്പസിലെ അരങ്ങുകളിൽ ജൂനി എന്നുമുണ്ടായിരുന്നു. നൃത്തത്തിനൊപ്പം വരകളും വർണങ്ങളും ജൂനിയുടെ ഒപ്പം കൂടി.ആശുപത്രിയുടെ തിരക്കിട്ട മുറികളിലും ജൂനിയുടെ ഉള്ളിൽ കലോത്സവങ്ങൾ തീർത്തുകൊണ്ടേയിരുന്നു. കൽക്കത്തയിലെ തെരുവുകളും ആഘോഷങ്ങളുമെല്ലാം ജൂനിയുടെ മനസ്സിൽ സമ്മേളിപ്പിച്ചത് നിറങ്ങളുടെ ആഘോഷങ്ങളായിരിക്കാം.ഒരു ശിക്ഷണവുമില്ലാതെ  വരകളും ജൂനിയുടെ വിരലുകൾക്ക് വഴങ്ങി.

ഇതിനിടയിൽ മെഡിക്കൽ പി ജി പ്രവേശനം ,വിവാഹം,കുഞ്ഞ് ഇങ്ങനെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഡോ ജൂനിയുടെ ജീവിതത്തിലും  സംഭവിച്ചു.ഡോ ജൂനി, ഓർത്തോ സർജനായ ഡോ.ഹരിയുടെ ഭാര്യയായി.എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നപോലെ വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കുകളിൽ ജൂനി കലാജീവിതം തന്നെ മറന്നു തുടങ്ങിയിരുന്നു. ചുവടുകളും അടവുകളും വന്ന് തട്ടിയുണർത്തുമ്പോഴെല്ലാം മറ്റനവധി ഉത്തരവാദിത്വങ്ങൾ ജൂനിയേ അവയെല്ലാം നിറമുള്ള ഓർമയുടെ ഫ്രെയിമിലേക്ക് ഒതുക്കുവാൻ പ്രേരിപ്പിച്ചു.ഒഫ്താൽമോളജി വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു മിടുക്കിയായ ഡോക്ടർക്ക് അപ്പോൾ ചെയ്യാൻ തോന്നിയത് ആ ജോലിയോടുള്ള ആത്മസമർപ്പണമാണ്. .

DR Juni

ഒട്ടുമിക്ക കലാകാരികളും വിവാഹശേഷം എന്തുകൊണ്ട് കല ഉപേക്ഷിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്.മറ്റുള്ളവർക്ക് വേണ്ടി ,മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി അറിഞ്ഞോ അറിയാതെ ഉപേക്ഷിക്കേണ്ടി വരുന്നു എന്നതാണ് സത്യം.ഒരിക്കൽ കലയുടെ അംശം നമ്മിൽ കലർന്ന് കഴിഞ്ഞാൽ മരണം വരെ അത് നമ്മോട് തന്നെ ചേർന്നിരിക്കും.ആ ചേരലിനെ അടക്കി വെക്കേണ്ടി വരുന്നത് പലപ്പോഴും ഒരു ആര്ടിസ്റ്റിന്റെ ഏറ്റവും വലിയ വേദന തന്നെയാണ്.എന്നിലെ സത്വം ഇതല്ല എന്നറിഞ്ഞുകൊണ്ടു തന്നെ ജൂനിയും കുറച്ച് കാലം തിരക്കുകളിൽ മുഴുകി.ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ഒഫ്താൽമോളജിസ്റ്റായി ജോലി ചെയ്തു.ഏറ്റവും സൂക്ഷ്മതയോടെ ചെയ്യേണ്ട ചികിത്സാരീതികളും ശസ്ത്രക്രിയകളും ചെയ്യുമ്പോഴും ഞാൻ ഇതല്ല എന്ന് ഉള്ളിന്റെ ഉള്ളിൽ ജൂനി പറഞ്ഞുകൊണ്ടേയിരുന്നു. ഒരവധിക്കാലത്ത് മകൻ മിഹിർ ആണ് ജൂനിയിലെ കലാകാരിയിലേക്കുള്ള വഴി വീണ്ടും തുറക്കുന്നത്.ജൂനിയുടെ പഴയ സമ്മാനങ്ങളും പെയിന്റിങ്ങുകളും കണ്ട് മകൻ മിഹിർ അത്ഭുദപ്പെട്ടു “എനിക്കീ അമ്മയെ ആണ് വേണ്ടത്”.ഒരു സംശയവുമില്ലാതെ അവൻ അവർത്തിച്ചു  ….ജൂനിക്ക് അതൊരു വലിയ തിരിച്ചറിവായിരുന്നു.

ഭർത്താവിനും മകനുമൊപ്പം ഡോ ജൂനി

“ഞാൻ ഉപേക്ഷിച്ചതെന്താണ് എന്ന് ഓര്മിച്ചെടുക്കാൻ എന്റെ മകൻ നിമിത്തമായി.അമ്മയെന്താണ് ഇതെല്ലാം നിർത്തിവെച്ചിരിക്കുന്നത് എന്ന അവന്റെ ആ ഒറ്റ ചോദ്യത്തിൽ ഞാൻ തീരുമാനിക്കുകയായിരുന്നു…വീണ്ടും ചിലങ്ക അണിയാൻ…കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ഞാൻ വീണ്ടും ചിലങ്കയണിഞ്ഞു.അതത്ര എളുപ്പമായ കാര്യമല്ല.കുറേവര്ഷങ്ങളായി ഒന്നും ചെയ്യാതിരുന്നതിന്റെ എല്ലാ ഉൾവലിവുകളും ശരീരത്തിനും മനസിനും ഉണ്ടായിരുന്നു.ആ മടിയും പേടിയും മാറ്റിയത് കോട്ടയം ശ്രീമൂകാംബിക സ്‌കൂൾ ഓഫ് ഡാൻസിന്റെ ഡയറക്റ്റർ ശ്രീ ആർ എൽ വി പ്രദീപ് കുമാർ ആണ്. .


“പിന്നീട് നോക്കിയാൽ മനസിലാകും ഞാൻ നൃത്തം തെരഞ്ഞെടുക്കുകയായിരുന്നില്ല.നൃത്തം എന്നെ തെരഞ്ഞെടുക്കുകയായിരുന്നു.അക്കാലയളവ് വരെ ഞാൻ അനുഭവിച്ച അനാരോഗങ്ങളെല്ലാം ചിലങ്കൾക്ക് വഴിമാറി.നിങ്ങൾ ഒരു സ്വപ്നത്തെ എത്രയും ശക്തമായി ആഗ്രഹിക്കുന്നുവോ അത് നടപ്പാക്കാൻ പ്രപഞ്ചം ഒന്നടങ്കം കൂടെ നിൽക്കുമെന്ന് പറയാറില്ലേ? …അതുപോലെ എന്നിലെ കലാകാരിക്ക് എല്ലാ സാഹചര്യങ്ങളും അനുകൂലമായി.നീണ്ട ആശുപത്രി മണിക്കൂറുകൾക്കിടയിൽ നിന്നും നൃത്തം ചെയ്യാനുള്ള കൊതിയോടെ ഞാൻ സമയം കണ്ടെത്തി.വരയിലേക്കും നൃത്ത പഠനത്തിലേക്കും കടന്നു.ഓരോന്നും ആസ്വാദനത്തിന്റെ വാതിലുകൾ മലർക്കെ തുറക്കുന്നത് ഞാൻ കണ്ടു.വരയ്ക്കാനും നൃത്തം ചെയ്യാനും സമയം കണ്ടെത്തിയപ്പോൾ മനസിലായി നമ്മൾ ആത്മാർഥമായി ആഗ്രഹിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന്”.

വർഷങ്ങൾക്ക് ശേഷം എങ്ങനെ നൃത്തം തുടരണം ,പഠിക്കണം എന്നതിലും വഴികാട്ടിയായത് ഗുരുക്കന്മാർ തന്നെയാണ് എന്ന് ഡോ ജൂനി പറയുന്നു .ശ്രീ ആർ എൽ വി പ്രദീപ് കുമാറിനൊപ്പം തന്നെ ഡോ നീനപ്രസാദ് വീണ്ടും വലിയ വഴിത്തിരിവായി മുന്നിൽ നിറഞ്ഞു.കോവിഡിന്റെ വരവോടെ ഓൺലൈൻ ക്‌ളാസ്സുകൾ കൂടുതൽ പ്രയോജനപ്പെട്ടു.വീണ്ടുംഡോ നീന പ്രസാദിന്റെ ഡാൻസ് ക്‌ളാസ്സുകൾ കേട്ടും കണ്ടും കൂടുതൽ അറിഞ്ഞു.ഒപ്പം വരയിലേക്കും തിരിഞ്ഞു.

അതും മറ്റൊരു തുടക്കമായിരുന്നു.ഡോ ജൂനി വരയുടെ ലോകത്തും പരീക്ഷണങ്ങളുടെയും ആത്മപ്രകാശത്തിന്റെയും ചായങ്ങൾ ചാലിച്ചു.പല വരകളെക്കുറിച്ചും പഠിച്ചു,റിസേർച്ചുകൾ ചെയ്തു.നർത്തകിയിൽ കണ്ട അതെ ആത്മസമർപ്പണത്തോടെ ജൂനി എന്ന ചിത്രകാരിയും നിറഞ്ഞാടി.വരച്ചുകൂട്ടുന്ന ഫ്രെയിമുകൾ എന്ത് ചെയ്യണമെന്ന് ആദ്യമാദ്യം ജൂനിക്ക് മനസിലായിരുന്നില്ല. സുഹൃത്തുക്കൾക്ക് പലപ്പോഴായി സമ്മാനിച്ച പല പ്രിയപ്പെട്ട ചിത്രങ്ങളും പൊടിപിടിച്ച്‌ ഏതെങ്കിലും മൂലയിൽ വലിച്ചെറിയപ്പെടുന്നത് കണ്ടപ്പോഴാണ് എത്തേണ്ടിടത്ത് അര്ഹതപ്പെട്ടവരുടെ കൈകളിലേക്ക് ചിത്രങ്ങൾ എത്തണമെന്ന ആലോചന ജൂനിയിലേക്ക് എത്തുന്നത്.

സോഷ്യൽ മീഡിയയിലെ കൂട്ടായ്മകൾ അതിനു സഹായിച്ചു.വരകൾ ഇഷ്ട്ടപെടുന്നവരെയും ബഹുമാനിക്കുന്നവരെയും ജൂനി അടുത്തറിഞ്ഞു.പുതിയ പുതിയ രീതികളും വഴികളും ജൂനി വരകൾക്കായി തെരഞ്ഞെടുത്തു.കൂടുതൽ പഠിച്ചു.പേപ്പറും പെൻസിലും മാത്രമല്ല സാരിയും ,കളിമൺ പാത്രങ്ങളും അടക്കം വരകൾക്ക് ഫ്രെയിമാകാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി. പല സ്ഥലങ്ങളിൽ നിന്നും ജൂനിയുടെ ചിത്രങ്ങൾക്കായുള്ള ആവശ്യങ്ങൾ വന്നുതുടങ്ങി. ചിത്രരചനയുടെ പല വശങ്ങൾ ജൂനി ഇതിനകം പഠിച്ചെടുത്തിരുന്നു..പല മാഗസിനുകളുടെയും കവർ പേജുകളിൽ ജൂനിയുടെ കൈയടയാളം കാണാം.പല എക്സിബിഷനുകളിൽ ജൂനിയുടെ ചിത്രങ്ങൾ പ്രകാശം പൊഴിക്കുന്നത് കാണാം.

ഒരു ഒഫ്താൽമോളജിസ്റ്റിന്റെ കൈകളുടെ അതെ സൂഷ്മതയോടെ ജൂനി സൃഷ്ടിച്ചെടുത്ത കലാസൃഷ്ട്ടികൾ ഇന്ന് ലക്ഷങ്ങൾക്കാണ് വിറ്റു പോകുന്നത്.അവിടെയും ജൂനി നമ്മളെ ഞെട്ടിപ്പിക്കും.ഈ തുകയെല്ലാം പാവപ്പെട്ട കുഞ്ഞുങ്ങൾക്കായി മാറ്റിവെക്കുന്നു .അവരെ പഠിപ്പിക്കുന്നു.കലയിൽ നിന്ന് ലഭിക്കുന്ന വരുമാനവും തൊഴിലിലെ അറിവും ചേർത്ത് വെച്ച് ജൂനി തീർക്കുന്നത് മനുഷ്യത്വത്തിന്റെ ഒരു വലിയ ലോകമാണ്.പ്രത്യേകിച്ചും പെൺകുട്ടികൾക്കായി.. .ആശുപത്രി തിരക്കുകൾക്കും നൃത്തപരിശീലനങ്ങൾക്കും ഇടയിൽ പാവപ്പെട്ട പെൺകുട്ടികളുടെ പഠനത്തിനായി വരുമാനവും സമയവും ജൂനി കണ്ടെത്തുന്നു.മോട്ടിവേറ്ററായി അവരെ നയിക്കുന്നു.ആശുപത്രിയിലെത്തുന്ന പാവപെട്ട രോഗികൾക്കായി തന്റെ സേവനം സൗജന്യമായി നൽകുന്നു.ഇതൊന്നും ആരും അറിയരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്നുണ്ട് ജൂനി.പക്ഷെ ഒരു വിളക്കിന്റെ പ്രകാശത്തെ നമ്മൾ എത്ര തടഞ്ഞാലും അത് പരക്കുക തന്നെ ചെയ്യും.ജൂനി ചെയ്യുന്ന കാര്യങ്ങൾ പലതും നമ്മളെല്ലാവരും അറിയേണ്ടുന്നത് തന്നെയാണ്.

കല എല്ലാക്കാലത്തും ലഭിക്കുന്ന നിധിയെന്ന് മനസിലാക്കി തന്നെ പറയാം കലയെന്ന നിധിയെയല്ല …ആ നിധിക്കായി ജൂനി തേടിയ വഴിയും യാത്രയും അറിവും ആണ് ഏറ്റവും വലിയ നിധിയെന്ന് ജൂനി നമ്മളെ തിരുത്തുന്നു.ഇങ്ങനെയുമുണ്ട് ചില മനുഷ്യർ.സമയമില്ല എന്ന നമ്മുടെ നിലവിളകൾക്കിടയിൽ നിശബ്ദമായി നമ്മളെ തോൽപ്പിക്കുന്നവർ.ഡോ ജൂനി അങ്ങനെയാണ് നമ്മളെയെല്ലാവരെയും തോൽപ്പിക്കുന്നത്…പല കാരണങ്ങളാൽ വേലിക്കെട്ടുകൾ പൊളിക്കാൻ മടിയുള്ളവരോട് ഇനിയും സമയം തീർന്നിട്ടില്ല നിങ്ങളെ ലോകം കാത്തിരിക്കുന്നു എന്ന് പറഞ്ഞ് പ്രതീക്ഷ നൽകുന്നത്….”എനിക്ക് കഴിവുള്ളത് ഞാൻ ചെയ്യും” എന്ന ടാഗോറിന്റെ വരികളെ ദൃശ്യവൽക്കരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News