ഇന്ത്യൻ ജനാധിപത്യം അർത്ഥവത്താകണമെങ്കിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സചേതനമാകണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ( John Brittas MP ). ഈ അർത്ഥത്തിൽ രാജസ്ഥാനിൽ ( Rajasthan ) നടന്ന ചിന്തൻ ശിബിരത്തിലെ ( chintan shivir )ചർച്ചകളും തീരുമാനങ്ങളും സ്വാഗതാർഹമാണ്.
ജനങ്ങളുമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുക, തെരുവുകളിൽ പ്രക്ഷോഭത്തിന് ഇറങ്ങുക, സംഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടു വരിക എന്നീ മൂന്ന് ഘടകങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങളും ചർച്ചകളും ആണ് ചിന്തൻ ശിബിരത്തിൽ ത്തിൽ നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
പല നിർണായക തീരുമാനങ്ങളും ചിന്തൻ ശിബിരം മാറ്റിവെച്ചതായി കാണുന്നു. കോൺഗ്രസ് എങ്ങനെ മുന്നോട്ടു പോകണം എന്തെല്ലാം തീരുമാനം എടുക്കണം എന്നതൊക്കെ ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അതെക്കുറിച്ച് പുറമെ നിന്നൊരാൾ അഭിപ്രായപ്പെടുന്നതിൽ അർത്ഥമില്ല. അത് ശരിയുമല്ല. ഓരോ പാർട്ടിക്കും അതിൻറെ തായ രീതിയുണ്ട്. എങ്കിലും ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തണമെങ്കിൽ , ഇന്ന് നമുക്ക് മേൽ ചൂഴ്ന്നു നിൽക്കുന്ന അമിതാധികാരത്തിന്റെ കാർമേഘങ്ങളെ പ്രതിരോധിക്കുന്നതിന് പ്രതിപക്ഷങ്ങൾ സചേതനമാകേണ്ടതുണ്ട്. ഇതിൽ പ്രമുഖ സ്ഥാനം കോൺഗ്രസിനുണ്ടെന്നത് വിസ്മരിക്കരുത്.
ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം പദവിയിലേക്ക് എന്ന നിർദ്ദേശവും ചിന്തിൻ ശിബിരം അംഗീകരിച്ചിട്ടുണ്ട്. കുടുംബവാഴ്ച ഒഴിവാക്കുക എന്നതാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഒരു കുടുംബത്തിലെ മറ്റൊരാളെ പരിഗണിക്കണമെങ്കിൽ ആ വ്യക്തി അഞ്ചുവർഷം സജീവമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരിക്കണമെന്നും ചിന്തൻ ശിബിരം വ്യക്തമാക്കുന്നു.
എന്തായാലും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ച ശേഷമാണ് ചിന്തൻ ശിബിരം നടന്നത് എന്നത് കൊണ്ട് കേരളത്തിലെ കോൺഗ്രസിന് ഒരു പ്രതിസന്ധി ഒഴിവായി എന്ന് പറയാം. പക്ഷേ പരോക്ഷമായി തങ്ങളുടെ തൃക്കാക്കര സ്ഥാനാർഥിത്വത്തിന്റ ധാർമികതയ്ക്ക് മേലുള്ള ചോദ്യചിഹ്നമായി ഇത് മാറുന്നില്ലേ എന്നൊരു സന്ദേഹവും ഇല്ലാതില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.