kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.

അമ്മ വീട്ടിലില്ലാത്ത സമയത്ത് തലയിണകളും മറ്റും അടുക്കിവച്ച് അതിന്മേല്‍ ചവിട്ടി ജനാലയില്‍ കയറിയതായിരുന്നു കുഞ്ഞ്. എന്നാല്‍ അബദ്ധവശാല്‍ ജനാലയ്ക്ക് പുറത്തേക്ക് കുഞ്ഞ് വീണു. ജനാലയില്‍ തന്നെ പിടിച്ചുതൂങ്ങിക്കിടന്നതിനാല്‍ കുട്ടി താഴേക്ക് വീണില്ല.

ഈ സമയം ജോലിക്ക് പോവുകയായിരുന്ന ഒരാള്‍ യാദൃശ്ചികമായി ഇത് കാണുകയും കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഓടിയെത്തുകയുമായിരുന്നു. സബിത് ഷോന്‍തക്‌ബേവ് എന്നയാളാണ് തന്റെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ട് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പം പിന്തുണയുമായി നിന്നിരുന്നു. തന്റെ കൈവശം ജീവന്‍ സുരക്ഷകളൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ സമയത്ത് അതെക്കുറിച്ചൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും സബിത് പറയുന്നു.

സബിതും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത് അതുവഴി പോയ കാല്‍നടയാത്രക്കാരനാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വീഡിയോ വൈറലായതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ആള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണങ്ങള്‍ വന്നു. സംഭവം കഴിഞ്ഞ് അവിടെ നില്‍ക്കാതെ തിരികെ ജോലിക്ക് പോയ സബിതിനെ അങ്ങനെയാണ് മാധ്യമങ്ങള്‍ കണ്ടെത്തുന്നത്.

പിന്നീട് ഇദ്ദേഹത്തിന് നാട്ടുകാര്‍ ആദരിക്കുകയും ജോലി ചെയ്യുന്ന നഗരത്തിലെ ഭരണാധികാരികള്‍ അദ്ദേഹത്തിന് മൂന്ന് കിടപ്പുമുറികളുള്ള അപാര്‍ട്‌മെന്റ് സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here