AK Saseendran: വന്യജീവി ആക്രമണം :ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കും- വനം മന്ത്രി എ.കെ. ശശീന്ദ്രന്‍

വന്യജീവി ആക്രമണം തടയുന്നതിനായി ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കുമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കേന്ദ്ര നിയമങ്ങള്‍ ലംഘിക്കാതെ ജനോപകാരപ്രദമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വിദ്യാവനങ്ങള്‍, ഫോറെസ്ട്രി ക്ലബ്ബുകള്‍, ജീവനക്കാര്‍ക്കുള്ള ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയം എന്നിവയുടെ ഉദ്ഘാടനം ചാലക്കുടി ഡിവിഷന്‍ സോഷ്യല്‍ ഫോറസ്ട്രി കോമ്പൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വന്യജീവികളെ ഇല്ലായ്മ ചെയ്യുന്നതിന് മുഖ്യമന്ത്രി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്. നിയമത്തിനകത്തുനിന്ന് കൊണ്ട് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപകടകാരികളായ വന്യജീവികളെ ഇല്ലായ്മ ചെയ്യുന്നതിന് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഓഥറൈസ്ഡ് ഓഫീസര്‍മാരായി പഞ്ചായത്ത്,മുനിസിപ്പാലിറ്റി സെക്രട്ടറി മാരെയും ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണ വെല്ലുവിളി അതിജീവിക്കുന്നതിന്റെ ഭാഗമായി ഇത് അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് വരുന്നുണ്ട്. ഒരു സ്ഥലത്ത് ഉപയോഗിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ മറ്റൊരിടത്ത് പ്രായോഗികമല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇത് കാര്യക്ഷമമാക്കുന്നതിനായി വികേന്ദ്രീകൃത രൂപത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. വന സേനയും ഗ്രാമപഞ്ചായത്തുകളും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. കൂടുതല്‍ ആര്‍ ആര്‍ ടികള്‍ രൂപീകരിക്കുമെന്നും വന്യജീവി മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നബാര്‍ഡ് സഹായത്തോടെ ചാലക്കുടി ഡിവിഷനില്‍ നടപ്പാക്കിയ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് സൗകര്യം മറ്റു ഡിവിഷനുകളിലും നടപ്പാക്കും. ഫോറസ്ട്രി ക്ലബ്ബുകള്‍ വിദ്യാ വനങ്ങള്‍, എന്നിവ വ്യാപിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ഫോറസ്റ്റ് ക്ലബ്ബുകളുടെ ധാരണാപത്ര കൈമാറ്റം മന്ത്രിയും ക്വാര്‍ട്ടേഴ്‌സ്‌കളുടെ താക്കോല്‍ദാനം ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ഒ. പൈലപ്പനും നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News