കല്ലാംകുഴിയിലെ രണ്ടു സുന്നി പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ട്രാക്ക് 1 കോടതിവിധിയെ കേരള മുസ്ലിം ജമാഅത്ത് സ്വാഗതം ചെയ്തു. പ്രദേശത്ത് സുന്നിസംഘടനയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച രണ്ടുപേരെയാണ് മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ അതിക്രൂരമായി കൊന്നുകളഞ്ഞത്.
വിയോജിക്കുന്നവരുടെ ജീവനെടുക്കുന്ന ഫാഷിസ്റ്റ് നിലപാടാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. പ്രതികളെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒത്താശ ചെയ്ത സമുദായ പാര്‍ട്ടി ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാവണം.സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യോജിച്ചതല്ല കൊലപാതക രാഷ്ട്രീയം.
കല്ലാംകുഴി ഇരട്ടകൊലക്കേസില്‍ 25 പേര്‍ ശിക്ഷിക്കപ്പെട്ടിട്ടും ഒരാളെപ്പോലും അക്കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലിം ലീഗ് സന്നദ്ധമായിട്ടില്ല എന്നത് ഗൗരവാമായ സംഗതിയാണ്. നിരന്തരമായി അക്രമിക്കപ്പെട്ടിട്ടും സുന്നി പ്രവര്‍ത്തകര്‍ ക്ഷമ പാലിച്ചത് മതബോധം കൊണ്ടും നീതി പുലരും എന്ന പ്രതീക്ഷ ഉള്ളതുകൊണ്ടുമാണ്.മുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സൈഫുദീന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.