KT Jaleel: അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഹൃദയം തകര്‍ന്നു ഞാന്‍ മരിക്കുമായിരുന്നു; കാരണം പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് അത്രമാത്രം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു: കെ ടി ജലീല്‍

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആത്മകഥ പുറത്തിറക്കി. പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരിലാണ് ആത്മകഥ പുറത്തിറക്കിയിരിക്കുന്നത്. താന്‍ പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടമാണിതെന്നും,ആത്മകഥ എന്ന ഇതിനെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടില്‍ താന്‍ പിച്ചവെച്ചു നടന്ന വഴിയോരങ്ങളിലൂടെയുള്ള യാത്രയാണിതെന്നും. കണ്ട കാഴ്ചകളും, മങ്ങാതെ നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍, പഠിച്ച സ്ഥാപനങ്ങള്‍, വളര്‍ന്ന ചുറ്റുപാടുകള്‍, അനുഭവിച്ച സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, രാഷ്ട്രീയ പ്രവേശനം, പൊതുപ്രവര്‍ത്തനം നല്‍കിയ ആത്മസംതൃപ്തി, കുതികാല്‍വെട്ടുകള്‍, അടക്കി ഭരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉതിര്‍ത്ത പ്രതിഷേധങ്ങള്‍, അങ്ങനെ ഒഴുകുന്നു കഥയുടെ ഒടുങ്ങാത്ത പ്രവാഹമെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള യാത്ര കൂടുതല്‍ ഊര്‍ജസ്വലമാകാന്‍ ഈ തുറന്നു പറച്ചില്‍ പ്രചോദനമാകുമെന്ന് കരുതുന്നു. കെ ടി ജലീലിന്റെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും വ്യക്തിഹത്യകള്‍ ഒരിക്കലും നടത്തില്ലെന്നും അദ്ദേഹം പറയുന്നു.

കെ ടി ജലീലിന്റെ കുറിപ്പ്

പിന്നിട്ട വഴികളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഞാന്‍ നടത്തുന്നത്. ആത്മകഥ എന്ന് ഇതിനെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടില്‍ ഞാന്‍ പിച്ചവെച്ചു നടന്ന വഴിയോരങ്ങളിലൂടെയുള്ള യാത്രയാണിത്. ഓര്‍മ്മയുടെ കല്ലില്‍ കൊത്തിവെച്ച ചിത്രങ്ങള്‍ മാറാല തട്ടിയെടുത്ത് പുനരാവിഷ്‌കരിക്കാനുള്ള എളിയ ശ്രമം. കണ്ട കാഴ്ചകള്‍, മങ്ങാതെ നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍, പഠിച്ച സ്ഥാപനങ്ങള്‍, വളര്‍ന്ന ചുറ്റുപാടുകള്‍, അനുഭവിച്ച സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, രാഷ്ട്രീയ പ്രവേശനം, പൊതുപ്രവര്‍ത്തനം നല്‍കിയ ആത്മസംതൃപ്തി, കുതികാല്‍വെട്ടുകള്‍, അടക്കി ഭരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉതിര്‍ത്ത പ്രതിഷേധങ്ങള്‍, അങ്ങനെ ഒഴുകുന്നു കഥയുടെ ഒടുങ്ങാത്ത പ്രവാഹം.

മുന്നോട്ടുള്ള യാത്ര കൂടുതല്‍ ഊര്‍ജ്ജസ്വലമാകാന്‍ സത്യസന്ധമായ തുറന്നുപറച്ചില്‍ പ്രചോദനമാകുമെന്നു കരുതുന്നു. മനസ്സിന്റെ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായാണ് ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന ഈ രചനയെ ഞാന്‍ കാണുന്നത്. രാഷ്ട്രീയത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ തല്‍ക്കാലം വിടേണ്ടി വന്നേക്കാം. പക്ഷേ, സത്യം ചോരാതെ പിന്നീട് കൂട്ടിച്ചേര്‍ക്കും. എതിര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. വിമര്‍ശനങ്ങളുണ്ടാകും. വിയോജിപ്പുകള്‍ അവതരിപ്പിക്കും. ഒരിക്കലും വ്യക്തിഹത്യകളുണ്ടാവില്ല. ദൈവം അനുഗ്രഹിച്ചാല്‍ അണുമണിത്തൂക്കം ബാക്കിവെക്കാതെ എല്ലാം പറഞ്ഞുതീര്‍ത്തേ ഭൂമിലോകം വിടൂ.

സിറിയക് ജോസഫ്
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒന്നാം പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ മന്ത്രിസഭയായിരിക്കുമ്പോള്‍ അതില്‍നിന്നു താങ്കളുടെ രാജിക്ക് ഇടയാക്കിയ ലോകായുക്ത വിധി ഒരു ഗൂഢാലോചനയായിരുന്നു എന്നു പറയാനുള്ള കാരണമെന്താണ്?

യു.ഡി.എഫ് അനുകൂലിയായ സിറിയക് ജോസഫിനെ ലോകായുക്തയാക്കിയതാണ് ഞാനുള്‍പ്പെടുന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്ത ഏക അബദ്ധം. ഇന്ത്യന്‍ ജൂഡീഷ്യറിയിലെ ‘പുഴുക്കുത്തെ’ന്ന് അറ്റോര്‍ണി ജനറലിന് സുപ്രീം കോടതിയില്‍ അഭിപ്രായപ്പെടേണ്ടിവന്ന വ്യക്തിയെ ഒരു കാരണവശാലും ലോകായുക്തയായി നിയമിക്കാന്‍ പാടില്ലായിരുന്നു.

സര്‍ക്കാരിന് ഒരു രൂപ നഷ്ടം വരാത്ത കേവലം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ നിയമനം മറ്റൊരു അപേക്ഷകനും ഇല്ലാതിരിക്കെ ഒരു സര്‍ക്കാര്‍ സ്ഥാപനം മെച്ചപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെ മാത്രം നടത്തിയതിന്റെ പേരിലാണ് ലോകായുക്ത എനിക്ക് ലോക നീതിന്യായ ചരിത്രത്തില്‍ ഇല്ലാത്ത ‘രാഷ്ട്രീയ വധശിക്ഷ’ വിധിച്ചത്. ജോലിയില്ലാത്ത ഒരാളെയല്ല ഞാന്‍ നിയമിച്ചത്. ഇന്ത്യയിലെ മുന്‍നിര ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ ഒന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജരായി മികച്ച ശമ്പളത്തിനു ജോലി ചെയ്യുന്ന ഒരാള്‍ക്കാണ് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കിയത്. വിവാദമുണ്ടായപ്പോള്‍ അയാള്‍ രാജിവെച്ച്, വാങ്ങിയ 15 ദിവസത്തെ ശമ്പളം തിരിച്ചടച്ച് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡല്‍ഹി മെയ്ന്‍ ബ്രാഞ്ചിലെ സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസിന്റെ മുഖ്യ ചുമതലക്കാരനായി പ്രവര്‍ത്തിക്കുന്നു. സമീപകാലത്ത് ചില തെറ്റിദ്ധാരണകളെത്തുടര്‍ന്ന് ക്രൈസ്തവ – മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന അകല്‍ച്ച എനിക്കെതിരെ ലീഗ് സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. അതിനവര്‍ ലോകായുക്തയില്‍ അവരുടെ വക്കീലാക്കിയത് ജോര്‍ജ് പൂന്തോട്ടത്തെയാണ്. ‘കാറ്റുള്ളപ്പോള്‍ തൂറ്റാന്‍’ ലീഗിനോളം കഴിയുന്ന ഒരു പാര്‍ട്ടി വേറെ ഉണ്ടാവില്ല. അവര്‍ക്കെന്നോട് അത്രയ്ക്ക് പകയുണ്ട്. മലപ്പുറത്ത് ലീഗ് പുറത്താക്കിയ ഒരാള്‍ അവരുടെ പൊന്നാപുരം കോട്ട തകര്‍ത്തതും മന്ത്രിയായതും തുടര്‍ച്ചയായി ജയിച്ച് നിയമസഭയിലെത്തിയതും ഞാന്‍ മാത്രമാണ്. ടി.കെ. ഹംസാക്കയും വി. അബ്ദുറഹിമാനും കോണ്‍ഗ്രസ്സില്‍നിന്ന് ഇടതുപക്ഷത്ത് എത്തിയവരാണ്. ലീഗ് രണ്ടായി പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് ഉണ്ടായപ്പോള്‍ പോലും കസ്തൂരിമാമ്പഴംപോലെ ലീഗ് കോട്ടകെട്ടി കാത്തുസൂക്ഷിച്ച ജില്ലയാണ് മലപ്പുറം. അഖിലേന്ത്യാ ലീഗ് യൂണിയന്‍ ലീഗില്‍ ലയിക്കുന്നതുവരെ മലപ്പുറത്ത് ഒരു സീറ്റിലും അവര്‍ക്കു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പി.എം. അബൂബക്കര്‍ ജയിച്ചത് കോഴിക്കോട് രണ്ടില്‍ നിന്നാണ്. ഇ.ടി. മുഹമ്മദ് ബഷീര്‍ ജയിച്ചത് കണ്ണൂരിലെ പെരിങ്ങളത്ത് നിന്നാണ്. എ.വി. അബ്ദുറഹിമാന്‍ ഹാജി ജയിച്ചത് കോഴിക്കോട്ടെ മേപ്പയൂരില്‍നിന്നാണ്. പി.പി.വി. മൂസ എം.എല്‍.എ ആയത് കണ്ണൂരിലെ എടക്കാട് നിന്നാണ്. അതുകൊണ്ടുതന്നെ എന്നോടുള്ള അത്ര ദേഷ്യം ലീഗിന് ആരോടുമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു ബിഷപ്പിനെ യു.ഡി.എഫ് സംഘം കണ്ടപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞത്: ”മന്ത്രി ജലീലിനോട് ഞങ്ങള്‍ക്കു ശക്തമായ വിയോജിപ്പുണ്ട്” എന്നാണ്. ആ സംഘത്തിലെ ഒരു നേതാവ് മറ്റൊരാളോട് പറഞ്ഞാണ് ഇതെന്റെ ചെവിയിലെത്തിയത്. കത്തോലിക്കാസഭാ പത്രമായ ‘ദീപിക’ വ്യക്തിപരമായി എനിക്കെതിരെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മറക്കാന്‍ പറ്റുന്നതല്ല. എനിക്കെതിരെയുള്ള ലോകായുക്ത വിധി വന്ന് അരമണിക്കൂര്‍ കഴിയുന്നതിനു മുന്‍പ് ചങ്ങനാശ്ശേരി അതിരൂപതയുടെ പേരില്‍ ഒരു പ്രസ്താവന പുറത്തുവന്നു: ”അടുത്ത മന്ത്രിസഭ ഏതായാലും ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണം.” ആ സമയത്തെ അത്തരം ഒരു പ്രസ്താവനയുടെ ഉദ്ദേശ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം 80:20 ആക്കിയത് ഞാനല്ല. 2010-ല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആരംഭിച്ച അന്നു മുതല്‍ അങ്ങനെയായിരുന്നു. 2011 മുതല്‍ 2016 വരെ യു.ഡി.എഫ് സര്‍ക്കാരും 80:20 അനുപാതമാണ് തുടര്‍ന്നത്. എന്നാല്‍, ഞാന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരിക്കെയാണ് 80:20 അനുപാതം കൊണ്ടുവന്നത് എന്ന നിലയിലാണ് പൊതു സമൂഹത്തിലും ക്രൈസ്തവ സമുദായാംഗങ്ങള്‍ക്കിടയിലും പ്രചരിപ്പിക്കപ്പെട്ടത്. ഒരു വിഭാഗത്തോടും ഞാന്‍ അനീതി ചെയ്തിട്ടില്ല. ബഹുവന്ദ്യ പിതാവ് ക്ലീമിസ് ബാവ തിരുമേനിയോട് ചോദിച്ചാല്‍ അതു ബോദ്ധ്യമാകും. മന്ത്രിയായിരിക്കെ പല കാര്യങ്ങള്‍ക്കായി എന്നെ സമീപിച്ച സഭാനേതാക്കളാരും ഞാനവരോട് അന്യായം പ്രവര്‍ത്തിച്ചു എന്നു പറയില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ ഏറ്റവും യോഗ്യതയുള്ള മൂന്നു കോളേജുകള്‍ക്ക് ഒട്ടോണമസ് പദവിക്ക് അര്‍ഹതയുണ്ടെന്ന് യു.ജി.സി പറഞ്ഞപ്പോള്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നു സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ ചെയ്തു. അവ മൂന്നും ക്രൈസ്തവ മാനേജ്‌മെന്റുകളുടേതായിരുന്നു. മറ്റാരും അപേക്ഷകരായി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കും കൊടുക്കുമായിരുന്നു.

ഭരണകര്‍ത്താവ് എന്ന നിലയില്‍ ഒരു വ്യക്തിയോടും സമുദായത്തോടും അനീതി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് എനിക്ക് നെഞ്ചത്ത് കൈവെച്ച് പറയാനാകും. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ഒരു ക്രൈസ്തവ വിശ്വാസി വന്നപ്പോള്‍ ഞാന്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. കാരണം ന്യൂനപക്ഷ കമ്മിഷന്റെ ചെയര്‍മാന്‍ സ്ഥാനം മുസ്ലിം ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ വഹിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംവിധാനത്തിന്റെ മറ്റൊരു തലപ്പത്ത് കേരളത്തിലെ രണ്ടാമത്തെ പ്രബല ന്യൂനപക്ഷ സമുദായാംഗം വരുന്നതില്‍ തെറ്റില്ല. ആ സമയത്തുതന്നെ ഞാനത് വ്യക്തമാക്കിയതാണ്. അങ്ങനെയുള്ള എനിക്കെതിരെയാണ് സിറിയക് ജോസഫിനെ ഉപയോഗിച്ച് ‘രാഷ്ട്രീയ വധശിക്ഷ’ യു.ഡി.എഫ് നടപ്പിലാക്കിയത്. ഇടതുപക്ഷത്തിന്റെ സ്ഥിരം വിമര്‍ശകനായ അഡ്വ. ജയശങ്കര്‍ ‘കേരള കൗമുദി’ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സഭകളുടെ എന്നോടുള്ള എതിര്‍പ്പാണ് എനിക്കെതിരായുള്ള ലോകായുക്ത വിധിയുടെ അടിസ്ഥാനം എന്ന് അഭിപ്രായപ്പെട്ടിരുന്നു. സത്യം ജനങ്ങളോട് പറയാതെ പോയാല്‍ അതൊരു തെറ്റാകുമെന്ന് കരുതുന്നതുകൊണ്ടാണ് അരനൂറ്റാണ്ടിന്റെ ജീവിതം പറയുമ്പോള്‍ ഇതെല്ലാം തുറന്ന് എഴുതുന്നത്.

പത്ത് ദിവസം കൊണ്ടാണ് എനിക്കെതിരെയുള്ള പരാതി ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് വിധി പറഞ്ഞത്. എനിക്കൊരു നോട്ടീസ് പോലും അയച്ചില്ല. സ്വന്തമായി ഒരു വക്കീലിനെ വെക്കാന്‍പോലും അവസരം തന്നില്ല. തെരഞ്ഞെടുപ്പിനു മുന്‍പ് യു.ഡി.എഫ് പൊട്ടിക്കാന്‍ ഉദ്ദേശിച്ച ‘ബോംബാ’യിരുന്നു അത്. യു.ഡി.എഫുകാര്‍ അടക്കം പറഞ്ഞിരുന്ന ‘ബോംബ്’ ഇതായിരുന്നു. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ വക്കീലായ കാളീശ്വരം രാജ് തന്റെ വാദം കേള്‍ക്കാന്‍ അവസരം വേണമെന്നും സുപ്രീംകോടതിയില്‍ കേസുള്ളതിനാല്‍ നിശ്ചയിച്ച ദിവസം വരാന്‍ കഴിയില്ലെന്നും ലോകായുക്തയെ രേഖാമൂലം അറിയിച്ചു. അതുകൊണ്ടുമാത്രം തട്ടിത്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അപ്പുറം കടന്നതാണ്. അല്ലായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുന്‍പ് വിധി വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിനെപ്പോലും പ്രതികൂലമായി അതു ബാധിച്ചേനെ. ‘ദൈവത്തിന്റെ കൈ സഹായിച്ചു’ എന്ന് അര്‍ജന്റീനയ്ക്ക് ലോക കപ്പ് നേടിക്കൊടുത്ത ഗോളിനെക്കുറിച്ച് മറഡോണ പറഞ്ഞതുപോലെ കാളീശ്വരം രാജിന്റെ സുപ്രീംകോടതിയിലെ കേസുകള്‍ ദൈവഹസ്തമായി എന്റെ കാര്യത്തില്‍ മാറുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സര്‍ക്കാരിന്റെ രണ്ടാമൂഴം തകര്‍ത്ത ‘മഹാപാപി’യെന്നു ഞാന്‍ മുദ്രകുത്തപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഹൃദയം തകര്‍ന്നു ഞാന്‍ മരിക്കുമായിരുന്നു. കാരണം പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് അത്രമാത്രം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു.

കാളീശ്വരം രാജ്
ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയിരുന്നില്ലേ? എന്നിട്ടും താങ്കള്‍ക്കു നീതി കിട്ടിയില്ലെന്നാണോ?

ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ഇരു നീതിപീഠങ്ങളും വിസമ്മതിച്ചു. നിലവിലുള്ള ലോകായുക്ത നിയമം അനുസരിച്ച് ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും വിധി പറയാനും ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ലോകായുക്ത പറഞ്ഞാല്‍ രാജിവെക്കേണ്ട നിര്‍ബ്ബന്ധിതാവസ്ഥ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിനു പോലുമില്ലാത്ത അധികാരമാണത്. ഒരു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരള ലോകായുക്തയ്ക്ക് കഴിയും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അഭിമാന സ്തംഭങ്ങളായിരുന്നവരുടെ കൈകളില്‍ ഇത്തരം നിയമങ്ങള്‍ സുരക്ഷിതമാണ്. തലതിരിഞ്ഞവരുടേയും വൈരനിര്യാതനബുദ്ധിയോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവരുടേയും കൈകളില്‍ ഈ നിയമം അത്യന്തം അപകടകരമായ ആയുധമാണ്. മഹാത്മാ ഗാന്ധിയുടെ കൈകളില്‍ കൊടുക്കേണ്ട തോക്ക് ഗോദ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ എന്തായിരിക്കും സംഭവിക്കുക? സുപ്രീംകോടതിയും കേസിന്റെ മെറിറ്റിലേക്ക് കടന്നില്ല. അഭയ എന്ന പാവം കന്യാസ്ത്രീ കൊലചെയ്യപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീതിന്യായ സംവിധാനത്തില്‍ നടന്ന ‘കളികള്‍’ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആത്മകഥയില്‍ വായിച്ചതോര്‍ക്കുമ്പോള്‍ എന്റെ കാര്യത്തില്‍ നടന്നതൊക്കെ എത്ര നിസ്സാരമാണ്. എന്തു കടുംകയ്യും ഏതറ്റം വരെ പോയി ചെയ്യാനും ഒരു മടിയുമില്ലാത്ത ഏമാനെക്കുറിച്ച് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. കേരള ഹൈക്കോടതിയും ബഹുമാന്യനായ മുന്‍ കേരള ഗവര്‍ണറും നിരവധി ചരിത്രവിധികള്‍ എഴുതിയ പ്രഗല്‍ഭനായ ജസ്റ്റിസുമായ പി. സദാശിവവും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കേസിലാണ് ലോകായുക്ത രാഷ്ട്രീയ വധശിക്ഷ വിധിച്ചത്.

എന്റെ തലക്കടിച്ച കോടാലികൊണ്ട് (അഭയയെ കൊന്ന കോടാലി) മറ്റൊരാളുടെ തലക്കും ഇനി ആരും അടിക്കരുത്. അതുകൊണ്ടുകൂടിയാവണം ലോകായുക്ത നിയമഭേദഗതിക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്. ഒരു പാപിയേയും ചെയ്ത പാപത്തിനു മറുപടി പറയിക്കാതെ കാലം കടന്നു പോയിട്ടില്ല. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്കും ദൈവത്തിനുമിടയില്‍ മറയില്ലെന്നല്ലേ പ്രവാചക സൂരികള്‍ പഠിപ്പിച്ചത്. ആ നാളുകള്‍ക്കായി നമുക്കു കാത്തിരിക്കാം.

കെടി ജലീല്‍
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് താങ്കളോടുള്ള എതിര്‍പ്പ് എന്താണ്?

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തോട് എനിക്കു നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. മുബാറക്ക് പാഷയെ നിയമിച്ചതോടെയാണ് അടുപ്പത്തിന് ഉലച്ചില്‍ തട്ടിയത്. എന്റെ വ്യക്തിപരമായ തീരുമാനമല്ലായിരുന്നു അത്. സര്‍ക്കാരിന്റെ തീരുമാനമാണ് വകുപ്പ് നടപ്പിലാക്കിയത്. ഒരു ശ്രീനാരായണീയനെയാണ് വി.സി ആക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയും കോടിയേരിയും അതിനെതിരെ പ്രതികരിച്ചു. കേരളത്തിലെ 14 യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍മാരുടെ പേരുകള്‍ വായിച്ചാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

ലോകായുക്ത വിധിയെക്തുടര്‍ന്ന് ഞാന്‍ മന്ത്രിപദം രാജിവെച്ചപ്പോള്‍ വെള്ളാപ്പള്ളി കേരള കൗമുദി പത്രത്തില്‍ പേരുവെച്ചെഴുതിയ ലേഖനത്തില്‍ എന്നെ രൂക്ഷമായി എതിര്‍ത്തു. ഞാന്‍ മലപ്പുറത്തിന്റെ മാത്രം മന്ത്രിയാണെന്ന പരാമര്‍ശം വരെ നടത്തി. ആ എതിര്‍പ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപയോഗപ്പെടുത്തി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച വെള്ളാപ്പള്ളി അനുകൂലികളുടെ വോട്ട് നേടാന്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയെ ആണ് എന്‍.ഡി.എ രംഗത്തിറക്കിയത്. മൂന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ചുപെറുക്കി നോക്കിയിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയാതെ പോയത് ബി.ജെ.പിയെ ജാള്യതയിലാക്കിയിരുന്നു. അതില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ പരസ്യമായി യു.ഡി.എഫിനൊപ്പം ചേര്‍ന്നു. തൊട്ടുമുന്‍പ് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ട് നേടിയ ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് തവനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളില്‍ ഒന്‍പതിനായിരം വോട്ടുകളേ കിട്ടിയുള്ളൂ. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും കട്ടയ്ക്കു യു.ഡി.എഫിനൊപ്പം നിന്നു. മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് മുതല്‍ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെയുള്ള മുഴുവന്‍ ശക്തികളും ഒരുമിച്ച് ചേര്‍ന്നിട്ടും തവനൂരില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഈ വിനീതനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആദ്യ തവണ തവനൂരില്‍ മത്സരിച്ചപ്പോള്‍ 67,000 വോട്ടാണ് കിട്ടിയത്. ഭൂരിപക്ഷം 6000. രണ്ടാം തവണ മത്സരിച്ചപ്പോള്‍ 68,000 വോട്ട് ലഭിച്ചു. ഭൂരിപക്ഷം 17,000. മൂന്നാം തവണ സജീവ രാഷ്ട്രീയക്കാരനല്ലാത്ത ഒരു ലീഗുകാരനെ കോണ്‍ഗ്രസ് കുപ്പായമിടിയിച്ച് മത്സരിപ്പിച്ചു. എല്ലാ പ്രതിലോമ ശക്തികളേയും കൂട്ടുപിടിച്ചു. എന്നിട്ടും എനിക്കു ലഭിച്ച മൊത്തം വോട്ട് 70,000 ആയി ഉയര്‍ന്നു. ഭൂരിപക്ഷം 2,500. എല്ലാ കള്ള പ്രചരണങ്ങളേയും കാറ്റില്‍പറത്തി ജനങ്ങള്‍ തവനൂരില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കൊപ്പം പാറപോലെ നിലയുറപ്പിച്ചു. ജനകീയ ചതുരംഗത്തില്‍ കള്ളച്ചൂത് കളിച്ച് എന്നെ മുട്ട് കുത്തിക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞു പാളീസായി.

വെള്ളാപ്പള്ളി നടേശന്‍
ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെയല്ല, ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് കൂടുതല്‍ ആപല്‍ക്കരം എന്ന സി.പി.ഐ.എമ്മിന്റെ അഭിപ്രായത്തെ എങ്ങനെയാണ് കാണുന്നത്?

വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രസക്തമായ അഭിപ്രായമാണ് സി.പി.ഐ.എമ്മിന്റേത്. എത്രയോ കാലങ്ങളായി ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളോട് ഇടതുപക്ഷം വച്ചുപുലര്‍ത്തുന്ന സമീപനമാണിത്. ഇരു വര്‍ഗ്ഗീയതകളും സമാനമാണ് എന്നു മതേതര വിശ്വാസികള്‍ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. രണ്ടു വര്‍ഗ്ഗീയതകളും ഇത്ര അപകടകരമായ അവസ്ഥയിലേക്ക് വളരാത്ത സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു നിരീക്ഷണം പ്രസക്തമായിരുന്നു. അന്നൊക്കെ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ പരസ്പരം പുഷ്ടിപ്പെടാനുള്ള സഹായ സഹകരണ സംഘങ്ങളായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇന്നു സാഹചര്യങ്ങള്‍ പാടെ മാറി. ഭൂരിപക്ഷ വര്‍ഗ്ഗീയത അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തെടുത്ത് താണ്ഡവമാടുന്ന കാഴ്ചയാണ് നാം കാണുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയത എത്ര വളര്‍ന്നാലും അവര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ 95 ശതമാനം സംസ്ഥാനങ്ങളും ഭരിക്കാനാവില്ല. എന്നാല്‍, ഭൂരിപക്ഷ വര്‍ഗ്ഗീയത അങ്ങനെയല്ല. അവര്‍ക്കു രാജ്യം മുഴുവന്‍ പടരാനാകും. ഇന്ത്യയുടെ സര്‍വ്വ സംവിധാനങ്ങളും സന്നാഹങ്ങളും വര്‍ഗ്ഗീയ വല്‍ക്കരിക്കാനും സാധിക്കും. ഈ തത്ത്വം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് അധികാരത്തിലേറി യിരിക്കുന്നത്. ഭൂരിപക്ഷമല്ലാത്ത ജനവിഭാഗങ്ങള്‍ സാംസ്‌കാരികമായിപ്പോലും അവരുടെ അസ്തിത്വം നിലനിര്‍ത്തി ജീവിക്കേണ്ടവരല്ല എന്ന വാദം പോലും അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ചില ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം തെരഞ്ഞുപിടിച്ച് ശാരീരികമായും സാമ്പത്തികമായും ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി ഭരണകൂട ഒത്താശയോടെ നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഉറക്കെ വിളിച്ചുപറയേണ്ട കാര്യമാണ് സി.പി.എം മാത്രം പറഞ്ഞിരിക്കുന്നത്. അതിനവര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ അതല്ലെങ്കില്‍ ന്യൂനപക്ഷ-ദളിത്-ആദിവാസി വിഭാഗങ്ങളുടെ സാമുദായികമായ രാഷ്ട്രീയ സംഘാടനത്തെ ഭരണകൂടങ്ങള്‍ ഫലപ്രദമായി ശ്രദ്ധിച്ചാല്‍ തടയാനും ഇല്ലാതാക്കാനുമാകും. മതത്തിന്റേയും ജാതിയുടേയും പേരിലുള്ള അവഗണനകളും അപരവല്‍ക്കരണവും അവസാനിപ്പിച്ച് ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനായാല്‍ ലക്ഷ്യം നേടാം. രാഷ്ട്രീയമായി എതിര്‍ത്തുകൊണ്ട് മാത്രം ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഇല്ലാതാക്കാനാവില്ല. ന്യൂനപക്ഷ പിന്നാക്ക സംഘടനകള്‍ തങ്ങളുടെ നിലനില്‍പ്പിന് ആധാരമായി ഉയര്‍ത്തിക്കാണിക്കാറ് ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വിദ്യാഭ്യാസ സാംസ്‌കാരിക വികസന മേഖലകളില്‍ ഇടപെടുന്ന സമിതികളിലും കോര്‍പ്പറേഷനുകളിലും അക്കാദമികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുഞ്ചിക സ്ഥാനങ്ങളിലും നാമമാത്രമായിപ്പോലും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിനു പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ മത സമുദായ ജാതി വിഭാഗങ്ങള്‍ക്കും ആനുപാതിക പങ്കാളിത്തം കൊടുക്കാനായാല്‍ മത-സാമുദായിക-ജാതി സംഘാടനങ്ങള്‍ ഒഴിവാക്കാനാകും. ഇതിന് കഴിയാത്തിടത്തോളം കാലം ന്യൂനപക്ഷ-ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ വര്‍ഗ്ഗീയവും ജാതീയവുമായ സംഘശക്തിയെ ആത്യന്തികമായി ദുര്‍ബ്ബലപ്പെടുത്താനാവില്ല.

കേരളത്തില്‍ മുസ്ലിം ലീഗിനെ ഏതെങ്കിലും ഒന്നോ രണ്ടോ തെരഞ്ഞെടുപ്പില്‍ ക്ഷീണിപ്പിക്കാന്‍ സാധിച്ചാല്‍ ലീഗ് ഉയര്‍ത്തുന്ന രാഷ്ട്രീയം ദുര്‍ബ്ബലപ്പെട്ടു എന്നു ധരിക്കരുത്. ലീഗ് നിലനില്‍ക്കുന്നതിനു കാരണമായി അവര്‍ അവകാശപ്പെടുന്നത് മുസ്ലിം സമുദായ പ്രാതിനിധ്യം സാമൂഹ്യ രാഷ്ട്രീയ ഉദ്യോഗ സ്ഥാനങ്ങളില്‍ ഉറപ്പ് വരുത്താന്‍ ലീഗ് അനിവാര്യമാണെന്നാണ്. സമുദായത്തിലെ വിദ്യാസമ്പന്നരും മിഡില്‍ ക്ലാസ്സും ഇതില്‍ വീണുപോവുക സ്വാഭാവികം. ലീഗ് ഇല്ലാതെ തന്നെ ഭരണ-തൊഴില്‍-സാംസ്‌കാരിക-വിദ്യാഭ്യാസ അധികാര പദവികളില്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പു വരുത്താനായാല്‍ മാത്രമേ ലീഗ് രാഷ്ട്രീയം ശാശ്വതമായി ദുര്‍ബ്ബലപ്പെടൂ.

കേരളത്തിലെ ഇടതുപക്ഷ സംഘടനകളും മതേതര പാര്‍ട്ടികളും ഇക്കാര്യം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. ജാതിക്കെതിരായ അംബേദ്ക്കറുടെ സമരങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ട് പോകുമെന്ന് മഹാത്മജി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ബാബാ സാഹിബ് അതിനോട് പ്രതികരിച്ചത്, ”എന്നെ തുല്യനായി പരിഗണിക്കുന്ന ഒരു രാജ്യമില്ലല്ലോ ഗാന്ധീ എനിക്ക്” എന്നു പറഞ്ഞുകൊണ്ടാണ്. അടിച്ചമര്‍ത്തലും തിരസ്‌കാരവും നിഷേധങ്ങളും ഒരു വര്‍ഗ്ഗീയ ശക്തിയേയും ശോഷിപ്പിക്കില്ല, പോഷിപ്പിക്കുകയേ ഉള്ളൂ. ഈ യാഥാര്‍ത്ഥ്യം എല്ലാ ഭരണകൂടങ്ങളും മനസ്സിലാക്കണം.

ഡോ. ബിആര്‍ അംബേദ്കര്‍
പ്രധാനപ്പെട്ട മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഒരേ സമയത്തെ അന്വേഷണങ്ങളെ എങ്ങനെയാണ് അതിജീവിച്ചതെന്ന തുറന്നുപറച്ചിലിന്റെ ഘട്ടം കൂടിയാണോ ഇത്?

അതില്ലാതെ കഥയില്ലല്ലോ? രാഷ്ട്രീയ എതിരാളികളെ പേടിപ്പിച്ച് നിര്‍ത്താനും വരുതിയിലാക്കാനും രാഷ്ട്രീയമായി നശിപ്പിക്കാനും അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന രീതി വര്‍ത്തമാന ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെട്ടു വരുന്നതായാണ് സമകാലിക അനുഭവം. വിശുദ്ധ ഖുര്‍ആന്റേയും റംസാന്‍ റിലീഫ് കിറ്റുകളുടേയും മറവില്‍ സ്വര്‍ണ്ണം കടത്തുന്നതിനു കൂട്ട് നിന്നു എന്നാണ് എനിക്കെതിരെ ആക്ഷേപിക്കപ്പെട്ട കുറ്റം. പഴുതടച്ച അന്വേഷണമാണ് എന്‍.ഐ.എയും കസ്റ്റംസും ഇഡിയും നടത്തിയത്. കോടികളുടെ ആസ്തി പ്രതീക്ഷിച്ചാണത്രെ അന്വേഷണം തുടങ്ങിയത്. വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാര്‍ വളാഞ്ചേരിയിലും പരിസരത്തും ദിവസങ്ങളോളം തമ്പടിച്ച് ഭൂതക്കണ്ണാടി വെച്ച് അരിച്ച്പെറുക്കി നോക്കി. ഒരു രൂപ പിഴ ചുമത്താനുള്ള കോപ്പ് പോലും അവര്‍ക്കു കിട്ടിയില്ല. എന്റെ പൊതുജീവിതത്തിനു ലഭിച്ച വലിയ അംഗീകാരമാണത്. ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച അന്നു മുതലുള്ള എന്റേയും ഭാര്യയുടേയും മക്കളുടേയും അക്കൗണ്ടുകള്‍ അവര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ബിനാമി ഇടപാടുകളുണ്ടോ എന്നു മുടിനാരിഴകീറി പരിശോധിച്ചു. ഞാനറിയാതെ വീടും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ചു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ ഒരു രോമകൂപത്തില്‍ തൊടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മടിയില്‍ കനമില്ലെങ്കില്‍ ലോകത്ത് ഒരു ഗജ കില്ലാഡിയേയും ഭയക്കേണ്ട കാര്യമില്ലെന്ന് അന്വേഷണ നാളുകളും ചോദ്യം ചെയ്യല്‍ ദിനങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി. ഒരാളില്‍നിന്നും ഒരു നയാപൈസ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഒരാള്‍ക്കെങ്കിലും കടം വാങ്ങിയ വകയില്‍പോലും പത്ത് പൈസ കൊടുക്കാനില്ലെന്നുമുള്ള ഉത്തമ ബോധവും ബോദ്ധ്യവുമാണ് ഒരു മനുഷ്യജീവിയുടേയും മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ട ഗതികേട് ഉണ്ടാക്കാതിരുന്നത്. അരനൂറ്റാണ്ടിന്റെ കഥയുടെ പൊരുളും അതാണ്. മറിച്ചാര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ സഹര്‍ഷം അതിനെ സ്വാഗതം ചെയ്യുന്നു.

മഹാത്മാ ?ഗാന്ധി
വഴിതടയലും അന്വേഷണ ഏജന്‍സികള്‍ തേടിവരലും എല്ലാം കൂടി ഒരു ബഹളമയമായിരുന്നല്ലോ? കുടുംബം എങ്ങനെയാണ് അവയോടൊക്കെ പ്രതികരിച്ചത്?

എന്റെ സാമ്പത്തിക വശം പൂര്‍ണ്ണമായും അറിയുന്നത് ഭാര്യക്കാണ്. പലപ്പോഴും വലിയ ആവശ്യങ്ങള്‍ വരുമ്പോള്‍ അവരെയാണ് ഞാന്‍ ആശ്രയിച്ചത്. ഞങ്ങള്‍ ഒരുമിച്ചാണ് ശമ്പളം ഉപയോഗിച്ച് വീടു പണിതത്. അതിന്റെ ബാങ്ക് അടവുകള്‍ അടച്ച് തീര്‍ത്തതും ഒരുമിച്ചാണ്. പണത്തോട് ഒട്ടും ആര്‍ത്തി എനിക്കില്ലെന്നും അനുഭവത്തില്‍നിന്നുള്ള ബോധ്യം നല്ലപാതിക്കുണ്ട്. ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കും സ്വന്തമായി ഒരു തരി സ്വര്‍ണ്ണംപോലും ഇല്ല. ഞങ്ങളാരും ആര്‍ഭാടത്തില്‍ അഭിരമിച്ചവരല്ല. ഞാനില്ലാതെ ഒരു സര്‍ക്കാര്‍ വാഹനത്തില്‍ മന്ത്രിയായിരുന്നപ്പോള്‍പോലും അവരാരും യാത്ര ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് വന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. അത്രമാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ സൂക്ഷ്മത പുലര്‍ത്തി. ഇതുകൊണ്ടെല്ലാമാവണം അവിഹിത സമ്പാദ്യം, സ്വര്‍ണ്ണക്കടത്ത് എന്നെല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് ഒരു കുലുക്കവും ഉണ്ടാകാതിരുന്നത്. വീട്ടില്‍ വരുമ്പോഴുള്ള എന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും അവര്‍ കണ്ടിട്ടില്ല. എപ്പോഴും സന്തോഷവാനായാണ് കാണപ്പെട്ടത്. വിവാദങ്ങള്‍ ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍. ഒരു അണുമണിത്തൂക്കം മറച്ചുവെക്കാന്‍ ഇല്ലാത്തവര്‍ക്കേ അത്ര ആത്മവിശ്വാസത്തില്‍ നില്‍ക്കാനാകൂ. ഭാര്യയുടേയും മക്കളുടേയും ആഡംബര ഭ്രമമില്ലായ്മയും എനിക്കു തുണയായി. ഒരുതരത്തിലുള്ള ആശങ്കയും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

ഉപ്പയും ഉമ്മയുമാണ് ചിലപ്പോഴെങ്കിലും പിരിമുറുക്കം അനുഭവിച്ചത്. അവര്‍ പ്രായമുള്ളവരാണല്ലോ? എന്റെ പിതാവിന് 86 വയസ്സായി. പൂര്‍ണ്ണ ആരോഗ്യവാനാണ്. രണ്ടര മൂന്നു കിലോമീറ്റര്‍ ദിവസവും നടക്കും. പത്രങ്ങള്‍ അരിച്ചുപെറുക്കും. ചാനല്‍ വാര്‍ത്തകളും ചര്‍ച്ചകളും കേള്‍ക്കും. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വലുതാക്കി കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഉണ്ടാകുന്ന മാനസിക പ്രയാസം അവരനുഭവിച്ചിട്ടുണ്ട്. ”എന്താണീ കേള്‍ക്കുന്നതൊക്കെ” എന്നൊരു ചോദ്യത്തില്‍ ഉപ്പയുടെ അന്വേഷണം ഒതുങ്ങും. അതൊക്കെ വെറുതെ പറയുന്നതാണെന്ന മറുപടിയില്‍ അദ്ദേഹം തൃപ്തനാകും. ഇടക്കിടെ ഗണ്‍മാന്മാരായ അനിലിനേയും പ്രജീഷിനേയും വിളിക്കും. കാര്യങ്ങള്‍ തിരക്കും. ഇന്നും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം കൂടെയുള്ളവരെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കും. അവരുടെ വാക്കുകള്‍ കേട്ട് സമാധാനിക്കും. ഇന്നും മക്കളെ ശിക്ഷിക്കാനും വഴക്കു പറയാനും അവകാശമുണ്ടെന്ന് വിചാരിക്കുന്നവരുടെ കൂട്ടത്തിലാണ് ഉപ്പ. ഞാനത് പൂര്‍ണ്ണമായും അംഗീകരിച്ച് വിനീത ദാസനായി നില്‍ക്കും. ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഉപ്പയുടെ മുന്നില്‍ ഇരുന്നത് ഓര്‍ക്കുന്നില്ല. എം.എല്‍.എ ആയപ്പോഴും മന്ത്രിയായപ്പോഴും തറവാട്ടു വീട്ടില്‍ ചെന്നാല്‍ പൂമുഖത്തോ കൊലായയിലോ ഇരിക്കാറില്ല. നേരെ അടുക്കള ഭാഗത്തുള്ള റൂമിലേക്കാണ് പോവുക. ഉമ്മ വഴിയാണ് ഉപ്പയോട് അധിക സമയത്തും സംസാരിക്കുക.

പിണറായി വിജയനൊപ്പം
അന്യായമായത് തിന്നുകയും മക്കളെ തീറ്റിക്കുകയും ചെയ്യരുത് എന്ന ഒരേയൊരു ഉപദേശമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ പിതാവ് എനിക്കു നല്‍കിയിട്ടുള്ളത്. 70 വര്‍ഷം അദ്ധ്വാനിച്ചിട്ടും വിവിധ ബിസിനസുകള്‍ നടത്തിയിട്ടും ഇന്നും ഒരു സൈക്കിള്‍പോലും ഉപ്പയ്ക്ക് സ്വന്തമായില്ല. ഒരു സാധാരണ വീടുള്‍പ്പെടെയുള്ള പുരയിടമല്ലാതെ മറ്റൊന്നും സമ്പാദ്യമായും ഇല്ല. 86-ാം വയസ്സിലും കിണറ്റില്‍നിന്നു വെള്ളം സ്വയം കോരിയാണ് അദ്ദേഹം കുളിക്കാറ്. വിലപിടിപ്പുള്ള ഒരു വാച്ചോ വസ്ത്രമോ പോലും ഉപ്പ ഇതുവരെ ഉപയോഗിച്ചിട്ടില്ല. സ്വന്തം ആവശ്യങ്ങള്‍ക്കു ബസിലേ യാത്ര ചെയ്യാറുള്ളൂ. റോഡിലൂടെ നടന്നുപോകുമ്പോള്‍ ആരെങ്കിലും അവരുടെ വാഹനം നിര്‍ത്തിക്കൊടുത്ത് കയറാന്‍ പറഞ്ഞാലും സ്നേഹപൂര്‍വ്വം നിരസിക്കാറാണ് പതിവ്. വെള്ള മല്ലിന്റെ കരയില്ലാത്ത ഒറ്റമുണ്ടും ഷര്‍ട്ടുമാണ് വേഷം. നല്ലൊരു പെന്‍ പോലും കീശയില്‍ കുത്തി നടക്കുന്നത് കണ്ടിട്ടില്ല. ഇപ്പോഴും മാവേലി സ്റ്റോറിലും റേഷന്‍ കടയിലും പോയി ക്യൂ നിന്നു സാധനങ്ങള്‍ വാങ്ങും. ഇതൊക്കെ കണ്ട് വളര്‍ന്ന ഞങ്ങള്‍ക്ക് എങ്ങനെ അവിഹിതമായി സമ്പാദിക്കാനും അന്യന്റേത് അനുഭവിക്കാനുമാകും. പരിമിതമെങ്കിലുമുള്ള ഉപ്പയുടെ സ്വത്തുവഹകളില്‍ എനിക്കു പങ്കു വേണ്ടെന്നു സ്വയം തീരുമാനമെടുത്ത ആളാണ് ഞാന്‍. പൊതുജീവിത തിരക്കിനിടയില്‍ കൂടപ്പിറപ്പുകള്‍ക്ക് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. പാരമ്പര്യമായി വല്ലതുമുണ്ടെങ്കില്‍ അത് അവര്‍ക്കിരിക്കട്ടെ എന്നു തീരുമാനിച്ചു. ഞങ്ങള്‍ക്കു ജീവിക്കാന്‍, കിട്ടുമെന്നു പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തന്നെ ധാരാളം. മക്കളൊക്കെ അവരുടെ കാര്യം നോക്കാന്‍ പ്രാപ്തരുമായി. ശിഷ്ടകാലം ദൈവം അനുഗ്രഹിച്ചാല്‍ മനസ്സമാധാനത്തോടെ ജീവിച്ചു തീര്‍ക്കണം. അത്രതന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here