IPL: പ്ലേഓഫ് സാധ്യത ഉയര്‍ത്തി ഡല്‍ഹി; പഞ്ചാബിനെതിരെ 17 റണ്‍സ് ജയം

ഐപിഎല്ലിലെ ആദ്യ നാലില്‍ ഇടം നേടാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. 17 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. ജയത്തോടെ 14 പോയിന്റുള്ള ബാംഗ്ലൂരിനെ നെറ്റ്റണ്‍റേറ്റിന്റെ ബലത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറക്കി ഡല്‍ഹി നാലാമതെത്തി.

ഡല്‍ഹി മുന്‍പില്‍ വെച്ച 160 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. 4 ഓവറില്‍ 36 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറാണ് കളിയിലെ താരം. തന്റെ ഒരോവറില്‍ ഭാനുക രജപക്സെയേയും ശിഖര്‍ ധവാനേയും മടക്കി ശാര്‍ദുല്‍ ഡല്‍ഹിക്ക് അനുകൂലമായി കളി തിരിച്ചു.

അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 34 പന്തില്‍ നിന്ന് 44 റണ്‍സ് കണ്ടെത്തിയ ജിതേഷ് ശര്‍മയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ബെയര്‍സ്റ്റോ 28 റണ്‍സും രാഹുല്‍ ചഹര്‍ 25 റണ്‍സും നേടി.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വാര്‍ണറെ നഷ്ടമായി. ഒന്നാം ഓവര്‍ എറിഞ്ഞ ലിയാം ലിവിങ്സ്റ്റണിന്റെ ആദ്യ പന്തില്‍ വാര്‍ണര്‍ രാഹുല്‍ ചഹറിന് പിടി നല്‍കി ഗോള്‍ഡന്‍ ഡക്കായി.

രണ്ടാമനായി ക്രീസിലെത്തിയ ഓസീസ് താരം തന്നെയായ മിച്ചല്‍ മാര്‍ഷ് ഒരിക്കല്‍ കൂടി ഡല്‍ഹിയുടെ രക്ഷകനായി. 48 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം മാര്‍ഷ് 63 റണ്‍സ് വാരിയതോടെയാണ് ഡല്‍ഹി ഈ നിലയില്‍ സ്‌കോര്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here