Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിക്ക് പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപംകൊണ്ടു. ഇവയുടെ രണ്ടിന്റെയും സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. അതുമൂലം കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി/മിന്നല്‍/കാറ്റോട് കൂടിയ ശക്തമായ/അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മെയ് 19 വരെ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതുമൂലമുണ്ടാകുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റും മൂലമാണ് കേരളത്തില്‍ കനത്ത മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News