മുഖ്യമന്ത്രി നയിക്കുമ്പോള്‍ നാം തലകുനിക്കില്ലെന്ന ചരിത്രം സുധാകരന് ഓര്‍മയുണ്ട്; അതാണ് അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്: ആര്യ രാജേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( CM Pinarayi vijayan )  കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ( Arya Rajendran) . മുഖ്യമന്ത്രി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതെന്നും ആര്യ പറഞ്ഞു.

തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുമെന്നും ആര്യ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.

അച്ഛന്റെ കാലില്‍ നീര് കാണുമ്പോള്‍ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛന്‍ വിശ്രമിച്ചു ഞാന്‍ കണ്ടിട്ടില്ല.പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്.
സോഷ്യല്‍മീഡിയയില്‍ കുറേ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീ.കെ സുധാകരന്‍ ബഹു.മുഖ്യമന്ത്രിയെ പറ്റി പറയുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ രാവിലെ നിഷ് ല്‍ പരിപാടിക്കെത്തിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നിറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്‌നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.
എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയന്‍. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്.
തൃക്കാകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി പറയും…

Pinarayi Vijayan : മുഖ്യമന്ത്രി പിണറായി വിജയനെ  അധിക്ഷേപിച്ച് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan )  അധിക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്ന് കെ സുധാകരൻ ആക്ഷേപിച്ചു.

അയാളെ നിയന്ത്രിക്കാൻ ആരുമില്ല എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായി.

മുഖ്യമന്ത്രിയെക്കുറിച്ച് കെ പി സി സി അധ്യക്ഷൻ പറഞ്ഞ വാക്കുകളാണ് കേട്ടത്. മുഖ്യമന്ത്രിക്ക് ഹാലിളകിയെന്നും ചങ്ങലയിൽ നിന്നും പൊട്ടിയ നായയെ പ്പോലെയാണ് പിണറായി വിജയൻ എന്നുമാണ് പരാമർശം. ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി.

അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസ്സിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്   കെ പി സി സി അധ്യക്ഷനിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

സംപ്രേഷണം ചെയ്യുമെന്നും , പൊതു സമൂഹത്തിൽ നിന്നും വിമർശനം ഉയരുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ സുധാകരൻ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് വ്യക്തം. ഏതായാലും കടുത്ത എതിർപ്പ് കെ സുധാകരനെതിരെ ഉയർന്നു കഴിഞ്ഞു.

ഇതിന് മുമ്പും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു‌നേരെ തിരിഞ്ഞത്‌.

‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെയായിരുന്നു സുധാകരന്‍റെ അധിക്ഷേപം.

പിണറായി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞ് ഇതന് മുന്‍പും സുധാകരന്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ അധിക്ഷേപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here