രാജീവ് ഗാന്ധി വധക്കേസ്; നീണ്ട 31 വർഷങ്ങള്‍ക്ക് ശേഷം പേരറിവാളന് ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.

പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്.

അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel