ഇത് പേരറിവാളന്റെ മോചനത്തിന്റെ കഥ മാത്രമല്ല, മകനായി പോരാടിയ ഒരമ്മയുടെ കഥ കൂടിയാണ്!!!

32 ആണ്ടിന് ശേഷം രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന വിധി പുറത്തു വന്നിരിക്കുയാണ് . പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പേരറിവാളന്റെ മോചനത്തിന്റെ കഥ മാത്രമല്ല, മകനായി പോരാടിയ ഒരമ്മയുടെ കഥ കൂടിയാണ്

ചില വിവരങ്ങൾ അന്വേഷിച്ചറിയാൻ എന്ന പേരിലാണ് പത്തൊൻപതുകാരനായ 1991 ജൂൺ 11ന് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം വിട്ടയക്കുമെന്ന ഉറപ്പിൽ അന്വേഷണസംഘത്തിന് മുന്നിൽ അച്ഛനും അമ്മയും ഹാജരാക്കിയ ആ യുവാവ് മോചിതനാകാൻ പിന്നെ മൂന്ന് പതിറ്റാണ്ടെടുത്തു. ജയിലിന് പുറത്ത് ജീവിച്ചതിനേക്കാൾ ഒരു പതിറ്റാണ്ടിൽ അധികം നീണ്ട തടവറജീവിതം. ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയെന്നാണ് പേരറവാളന്‍റെ മേൽ ചാർത്തപ്പെട്ട കുറ്റം. രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ഈ ബാറ്ററിയാണ് ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

അറസ്റ്റ് ചെയ്തതിൽപ്പിന്നെ രണ്ട് മാസത്തോളം പേരറിവാളനെപ്പറ്റി കുടുംബത്തിന് ഒരു വിവരവും കിട്ടിയില്ല. മകനെ പൊലീസ് അറസ്റ്റ് ചെയ്തത് നാട്ടുകാരറിയും എന്ന് പേടിച്ച് ഒരു ഹേബിയസ് കോർപ്പസ് ഹർജി പോലും കുടുംബം നൽകിയില്ല. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ഇല്ലാതായപ്പോൾ അർപ്പുതം അമ്മാളിന് ആശ്രയിക്കാൻ നിയമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിൽ മതിൽക്കെട്ടിന് പുറത്തും കോടതി വരാന്തകളിലും സർക്കാർ ഓഫീസുകളിലും മനുഷ്യാവകാശ പ്രവർത്തകരുടെ മുമ്പിലും കേസുകെട്ടുകളുടെ സഞ്ചിയും തൂക്കി അവർ അലഞ്ഞു.

തിരിച്ചടികൾക്ക് മേൽ തിരിച്ചടികൾ ഉണ്ടായപ്പോഴും നീതിന്യായ വ്യവസ്ഥയുടെ മേലെയുള്ള ആ അമ്മയുടെ വിശ്വാസം കെട്ടുപോയില്ല. രാജ്യത്തെങ്ങുമുള്ള നീതിബോധം നഷ്ടമാകാത്ത മനുഷ്യർ ആ നിയമസമരത്തിലും ജീവിതസഹനത്തിലും അണിചേർന്നു. പേരറിവാളന്റെത് മോചനത്തിനായുള്ള സമരം പതിയെ ഒരു ജനകീയ പ്രക്ഷോഭമായി. സ്വന്തം മകനായി മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുന്ന മനുഷ്യാവകാശ കൂട്ടായ്മകളിലെല്ലാം രാജ്യത്തിന്റെ് എല്ലാ കോണിലും ഒരു നരച്ച ഓയിൽ സാരിയുമുടുത്ത് അവരെത്തി.

ജയിലുകളിൽ നിന്ന് ജയിലുകളിലേക്കും കോടതികളിൽ നിന്ന് കോടതികളിലേക്കും നീണ്ട ജീവിതസമരം.
32 വർഷത്തെ ജയിൽ ജീവിതത്തിൽ 23 വർഷവും പേരറിവാളൻ ഏകാന്ത തടവിലായിരുന്നു. തൂക്കിലേറ്റാനുള്ള തീയതി പലതവണ കുറിക്കപ്പെട്ടെങ്കിലും യാദൃച്ഛികതകളിലും നൂലിഴ കീറിയ നിയമത്തിന്റെത സാധ്യതകളിലും അതൊഴിവായി. പേരറിവാളന്റെ മൊഴിയുടെ പൂർണഭാഗം സിബിഐ കോടതിയിൽ നൽകിയില്ലെന്ന് വിചാരണയുടെ തുടക്കം മുതൽ അർപ്പുതം അമ്മാൾ ആരോപിച്ചു.

മൂന്നാം മുറ പ്രയോഗിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന പ്രതിഭാഗം വാദം കോടതികൾ പലപ്പോഴും മുഖവിലയ്ക്കെടുത്തു . ഒടുവിൽ പേരറിവാളന്‍റെ മൊഴി താൻ പൂർണമായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് മുൻ സിബിഐ ഓഫീസർ ത്യാഗരാജൻ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. എന്നാൽ മോചനം മാത്രം നീണ്ടുനീണ്ടുപോയി.

നടപടിക്രമങ്ങൾ, ചുവപ്പുനാടകൾ, ഹർജികൾ, തടസ്സവാദങ്ങൾ.. പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ ആവശ്യം പ്രസിഡന്റ്. തള്ളിയതോടെ മകന് ദയാവധം അനുവദിക്കണമെന്ന് വരെ ആവശ്യപ്പെട്ട് അർപ്പുതം അമ്മാൾക്ക് ഹർജി നൽകേണ്ടിവന്നു.
ഒടുവിൽ ഇക്കഴിഞ്ഞ മാർച്ച് മാസം ഒമ്പതിന് കാത്തുകാത്തിരുന്ന ചരിത്രവിധിയുടെ നാന്ദിയായി സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചു. കേന്ദ്രസർക്കാർ എതിർത്തെങ്കിലും ജസ്റ്റിസ് നാഗേശ്വര റാവുവിന്റേ യും ബി.എൽ.ഗവായുടേയും ബഞ്ച് ജാമ്യം നൽകുകയായിരുന്നു.

ഒടുവിലിന്ന് ഒരായുസിൻ്റെ പകുതിയും ജയിലിൽ ജീവിച്ച, യൗവനത്തിന്റെ. തുടക്കത്തിൽ തടവിലാക്കപ്പെട്ട് മധ്യവയസ്കനായി പേരറിവാളൻ മോചിതനാകുമ്പോൾ അത് അർപ്പുതം അമ്മാളിന്‍റെ ജീവിത സഹനത്തിന്‍റേയും നീതിന്യായ വ്യവസ്ഥയിലെ വിശ്വാസത്തിന്‍റേയും കൂടി വിജയമാണ്. മനുഷ്യാവകാശത്തിനായി പോരാടുന്നവർക്കെല്ലാമുള്ള ഊർജ്ജം.. വൈകിയെങ്കിലും നീതിയെത്തും എന്ന വിശ്വാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News